ആരോഗ്യകരമായ പ്രായാധിക്യം – ആഡംബരം അല്ല, സാമൂഹിക ഉത്തരവാദിത്വം

  • 02/10/2025



കുവൈത്ത്: വേൾഡ് ഫിസിയോതെറാപ്പി ഡേ 2025ന്റെ ഭാഗമായി ഇന്ത്യൻ ഫിസിയോതെറാപ്പിസ്റ്റ്സ് ഫോറം കുവൈത്ത് (IPFK) സംഘടിപ്പിച്ച സമ്മേളനം, പ്രവാസി സമൂഹത്തിന് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ട അത്യാവശ്യകതയെ ഊന്നിപ്പറഞ്ഞു. “ആരോഗ്യകരമായ വാർദ്ധക്യം – ഫിസിയോതെറാപ്പിയുടെ പങ്ക്” എന്ന പ്രമേയവുമായി ബന്ധപ്പെട്ട സെഷനുകളിൽ, ആരോഗ്യകരമായ വാർദ്ധക്യം മുതിർന്നവർക്കു മാത്രം വേണ്ട ഒന്നല്ല, യുവത്വം മുതൽ ആരംഭിക്കേണ്ട ഉത്തരവാദിത്വമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

പ്രവാസി സമൂഹത്തിൽ അടുത്തകാലത്ത് യുവജനങ്ങളിൽ നേരത്തെയുള്ള മരണങ്ങൾ വർദ്ധിച്ചുവരുന്നുണ്ടെന്നും, അതിന് സ്ട്രെസ്, അനാരോഗ്യകരമായ ഭക്ഷണശീലം, വ്യായാമക്കുറവ്, ജീവിതശൈലിജന്യ രോഗങ്ങൾ തുടങ്ങിയവയാണ് പ്രധാന കാരണങ്ങളെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. ആരോഗ്യം മുൻകൂട്ടി സംരക്ഷിക്കുന്നതിലും, രോഗങ്ങളെ നിയന്ത്രിക്കുന്നതിലും, പുനരധിവാസം ഉറപ്പുവരുത്തുന്നതിലും ഫിസിയോതെറാപ്പി നിർണായകമാണെന്നു വിദഗ്ധർ വ്യക്തമാക്കി. “ആരോഗ്യകരമായ വാർദ്ധക്യം ഒരു ആഡംബരം അല്ല, അത് ഓരോരുത്തരുടെയും അവകാശമാണ്. അത് ഉറപ്പാക്കുന്നത് സമൂഹത്തിന്റെ സംയുക്ത ഉത്തരവാദിത്വമാണ്,” എന്ന സന്ദേശം സമ്മേളനത്തിലൂടെ ഉയർത്തിപ്പിടിച്ചു.

സ്ത്രീാ ആരോഗ്യ വിദഗ്ധയും സീനിയർ ഫിസിയോതെറാപ്പിസ്റ്റുമായ ഡോ. ലക്ഷ്മി ദേവി “സ്ത്രീകളും വാർദ്ധക്യവും” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. വാർദ്ധക്യത്തിൽ സ്വാഭാവികമാണെന്ന് കരുതുന്ന മൂത്രനിയന്ത്രണ പ്രശ്നങ്ങൾ, പെൽവിക് ഫ്ലോർ ദൗർബല്യം, ഡയസ്റ്റാസിസ് റെക്ടി, ദീർഘകാല വേദനകൾ തുടങ്ങിയവ യഥാർത്ഥത്തിൽ പ്രസവകാലത്തുതന്നെ ആരംഭിക്കാമെന്നും, സമയോചിത തെറാപ്പി സ്വീകരിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാമെന്നും അവർ ചൂണ്ടിക്കാട്ടി. പെൽവിക് ഫ്ലോർ ശക്തിപ്പെടുത്തൽ, ശരിയായ പൊസ്‌ച്ചർ, നടപ്പുവിധികൾ, കോർ സ്റ്റാബിലിറ്റി എന്നിവ സ്ത്രീകളുടെ ആത്മവിശ്വാസത്തിനും സ്വാതന്ത്ര്യത്തിനും മാന്യമായ വാർദ്ധക്യത്തിനും നിർണായകമാണെന്നും അവർ അഭിപ്രായപ്പെട്ടു.

ദജീജ് മെട്രോ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം KPTA ട്രഷറർ ഡോ. അബീർ അജീൽ ഉദ്ഘാടനം ചെയ്തു. KPTA വൈസ് പ്രസിഡൻ്റ് ഡോ. മറിയം അൽ മന്തീൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ. കലാവതി, ഡോ. ഭൂപതി, ഡോ. ജോബി ടോം എന്നിവർ ക്ലാസുകൾ അവതരിപ്പിച്ചു. ഡോ. വിവേക്, ഡോ. രേവതി എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. സീനിയർ ഫിസിയോതെറാപ്പിസ്റ്റുകളായ ഡോ. ഹെർബർട്, ഡോ. ജോർജ് ജോസഫ്, ഡോ. മനോജ് ഈപൻ, ഡോ. വന്ദന എന്നിവരെ ആദരിച്ചു. സമ്മേളനത്തിന് IPFK പ്രസിഡൻ്റ് ഡോ. അനിൽ കുമാർ സിംഗ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ ഹമീദ് സ്വാഗതവും സെക്രട്ടറി ഡോ. കിരൺ നന്ദിയും രേഖപ്പെടുത്തി.

Related News