കുവൈത്തിൽ 9 മാസത്തിനിടെ 28,984-ൽ അധികം പ്രവാസികളെ നാടുകടത്തി; ടിക്കറ്റ് ചെലവ് സ്പോൺസറിൽ നിന്ന് ഈടാക്കും

  • 05/10/2025



കുവൈത്ത് സിറ്റി: 2025 ജനുവരി 1 മുതൽ സെപ്റ്റംബർ വരെ വിവിധ രാജ്യക്കാരായ 28,984-ൽ അധികം പ്രവാസികളെ കുവൈത്ത് നാടുകടത്തി. താമസ നിയമം ലംഘിച്ചവർ, ഒളിച്ചോടിയവർ, യാചകർ, ലഹരിമരുന്ന് ഉപയോഗം അല്ലെങ്കിൽ കൈവശം വെച്ചവർ, സംശയാസ്പദമായ അല്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ എന്നിവരാണ് നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും.

ഈ വിഭാഗത്തിൽപ്പെട്ട പലരും അനധികൃത തൊഴിലാളികൾ അല്ലെങ്കിൽ സുരക്ഷാ-സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള വ്യക്തികൾ എന്ന നിലയിലാണ് അധികൃതർ കണക്കാക്കുന്നത്.

നാടുകടത്തപ്പെടുന്ന വ്യക്തിക്കോ അവരുടെ സ്പോൺസർക്കോ എയർലൈൻ ടിക്കറ്റ് നൽകാൻ കഴിഞ്ഞില്ലെങ്കിൽ, ആഭ്യന്തര മന്ത്രാലയം യാത്രാ ചിലവ് വഹിക്കും. ഇതിനായി മന്ത്രാലയവുമായി കരാറിലേർപ്പെട്ട ട്രാവൽ ഏജൻസികൾ ഡിപ്പാർട്ട്‌മെൻ്റിൽ പ്രവർത്തിക്കുന്നുണ്ട്. ടിക്കറ്റിൻ്റെ മൂല്യം, വ്യക്തിയോ കമ്പനിയോ ആകട്ടെ, സ്പോൺസറുടെ പേരിൽ മന്ത്രാലയം സാമ്പത്തിക ക്ലെയിമായി രജിസ്റ്റർ ചെയ്യും. തുക തിരിച്ചടയ്ക്കുന്നത് വരെ സ്പോൺസർക്ക് യാത്രാ വിലക്കോ സാമ്പത്തിക വിലക്കോ ഏർപ്പെടുത്തുകയും ചെയ്യും. നിയമം ലംഘിക്കുന്ന പ്രവാസികൾക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Related News