കുവൈത്തിൽ സീസണൽ അലർജികളും ജലദോഷവും കൂടുന്നു: കാരണം 'തെർമൽ ഇൻവേർഷൻ' പ്രതിഭാസമെന്ന് കാലാവസ്ഥാ വിദഗ്ധൻ

  • 07/10/2025



കുവൈത്ത് സിറ്റി: ഒക്ടോബറിനും നവംബറിനുമിടയിലുള്ള 'സഫ്രി കാലഘട്ടം' (Safri period) സീസണൽ അലർജികളും ജലദോഷവും പനിയും ഏറ്റവും കൂടുതൽ വ്യാപിക്കുന്ന സമയമാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിദഗ്ധനായ ഇസ്സ റമദാൻ. വർഷത്തിലെ ഈ സംക്രമണ കാലയളവിൽ സംഭവിക്കുന്ന കാലാവസ്ഥാ മാറ്റങ്ങളും തെർമൽ ഇൻവേർഷൻ പ്രതിഭാസവുമാണ് ഇതിന് കാരണം. ഈ കാലയളവിൽ ആളുകളിൽ മൂക്കൊലിപ്പ്, കണ്ണിന് ചൊറിച്ചിൽ, ചുമ എന്നിവ വർധിക്കുന്നതായി റമദാൻ വിശദീകരിച്ചു. 

അന്തരീക്ഷത്തിലെ ഇൻവേർഷൻ അല്ലെങ്കിൽ ലോ തെർമൽ ഇൻവേർഷൻ എന്ന് അറിയപ്പെടുന്ന ഒരു കാലാവസ്ഥാ പ്രതിഭാസമാണ് ഇതിന് പ്രധാന കാരണം. ഭൂമിയുടെ ഉപരിതലത്തോട് ചേർന്നുള്ള വായുപാളി, അതിന് മുകളിലുള്ള പാളിയേക്കാൾ തണുപ്പായിരിക്കുമ്പോൾ ഈ പ്രതിഭാസം സംഭവിക്കുന്നു. ഈ പ്രതിഭാസം കാരണം അന്തരീക്ഷത്തിലെ താഴ്ന്ന പാളികളിൽ വായു മലിനീകരണ വസ്തുക്കൾ കെട്ടിക്കിടക്കും. ഇത്, പ്രത്യേകിച്ച് സൂര്യാസ്തമയത്തിന് ശേഷവും രാത്രിയിലും വർദ്ധിക്കുന്നു. ഇപ്രകാരം തങ്ങിനിൽക്കുന്ന മലിനീകരണ വസ്തുക്കൾ ശ്വസിക്കുന്നതിലൂടെ പലരിലും അലർജി ലക്ഷണങ്ങൾ വഷളാകാൻ കാരണമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News