ബസ്സുകൾക്കായി അതിവേഗപാത പാതകൾക്ക് അംഗീകാരം; ഗതാഗത സംവിധാനങ്ങൾ മെട്രോയുമായി സംയോജിപ്പിക്കും

  • 07/10/2025



കുവൈത്ത് സിറ്റി: കുവൈത്തിൽ ബസ്സുകൾക്കായി പ്രത്യേക അതിവേഗ പാത (ബിആർടി - ബസ് റാപ്പിഡ് ട്രാൻസിറ്റ്) പാതകൾ പഠിക്കാനും അവ പൊതു ഗതാഗത ശൃംഖലയുമായി ബന്ധിപ്പിക്കാനും വേണ്ടിയുള്ള മുനിസിപ്പൽ കൗൺസിൽ അംഗം ഷെരീഫ അൽ-ഷാൽഫാന്‍റെ നിർദ്ദേശത്തിന് മുനിസിപ്പാലിറ്റി അംഗീകാരം നൽകി. നിർദ്ദേശത്തോട് പ്രതികരിച്ച എക്സിക്യൂട്ടീവ് അതോറിറ്റി, രാജ്യത്തിൻ്റെ നാലാം മാസ്റ്റർ പ്ലാനിൽ ബിആർടി സംവിധാനത്തിനായി ഒരു പ്രത്യേക റൂട്ട് നിർദ്ദേശിച്ചിട്ടുണ്ട് എന്ന് വിശദീകരിച്ചു. ഈ റൂട്ട് മെട്രോ പദ്ധതിയുമായി സംയോജിപ്പിക്കും.

കുവൈത്തിലെ നഗരപ്രദേശങ്ങളെയും തെക്കൻ പ്രാദേശിക മേഖലകളെയും അൽ മുത്ല റെസിഡൻഷ്യൽ സിറ്റി, സാദ് അൽ-അബ്ദുല്ല സിറ്റി തുടങ്ങിയ പുതിയ താമസ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും ഈ സംയോജനം. നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചാൽ ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തുമെന്നും അധികൃതർ അറിയിച്ചു. ബസ് റാപ്പിഡ് ട്രാൻസിറ്റ് എന്നത് സ്വന്തമായി വേർതിരിച്ച പാതയിലൂടെ വലിയ ശേഷിയുള്ള ബസുകൾ ഉപയോഗിച്ച് വേഗത്തിൽ യാത്ര ചെയ്യുന്ന ഒരു പൊതുഗതാഗത സംവിധാനമാണ്.

Related News