നിരോധിത സംഘടനയിൽ ചേരൽ, തീവ്രവാദത്തിന് ധനസഹായം: കുവൈത്തി പൗരന് 5 വർഷം തടവ് ശിക്ഷ

  • 08/10/2025



കുവൈത്ത് സിറ്റി: നിരോധിത സംഘടനയായ 'ഹിസ്ബ് ഉത് തഹ്‌രീറിൽ' ചേർന്നതിനും അതിന് ധനസഹായം നൽകിയതിനും ഒരു കുവൈത്തി പൗരന് ക്രിമിനൽ കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളെ അധിക്ഷേപിച്ചതിനും ലെബനനിലെ ഒരു തീവ്രവാദ ഗ്രൂപ്പിനെ പിന്തുണച്ചതിനും കൂടിയാണ് ശിക്ഷ വിധിച്ചത്. നിയമവിരുദ്ധ മാർഗങ്ങളിലൂടെ രാഷ്ട്രീയ സംവിധാനങ്ങളെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു നിരോധിത ഗ്രൂപ്പിൽ ചേരാനും അതിൽ ചേരാൻ ആഹ്വാനം ചെയ്യാനും പ്രതി പങ്കെടുത്തതായി പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തി.

നിരോധിക്കപ്പെട്ട 'ഹിസ്ബ് ഉത്-തഹ്‌രീർ' സംഘടനയിൽ ഇയാൾ ചേരുകയും എക്സിലെ സ്വന്തം അക്കൗണ്ട് വഴി ഗ്രൂപ്പിൻ്റെ ആശയങ്ങൾ പ്രചരിപ്പിച്ച് മറ്റുള്ളവരെ അതിൽ ചേരാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. പ്രതി തീവ്രവാദത്തിന് ധനസഹായം നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി. നിരോധിക്കപ്പെട്ട 'ഹിസ്ബ് ഉത്-തഹ്‌രീർ' എന്ന ഗ്രൂപ്പിന് വേണ്ടി, ലെബനനിലെ പാർട്ടിയുമായി ബന്ധമുള്ള ഒരാൾക്ക് വിദേശ മണി ട്രാൻസ്ഫറുകളിലൂടെ പണമായി നൽകുകയായിരുന്നു. തീവ്രവാദ ഗ്രൂപ്പാണ് ഈ പണം ഉപയോഗിക്കുന്നതെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇയാൾ സഹായം നൽകിയത്.

Related News