കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്നാം റൺവേയും പുതിയ എയർ ട്രാഫിക് കൺട്രോൾ ടവറും തുറക്കും; ഒക്ടോബർ 30-ന് ഉദ്ഘാടനം

  • 10/10/2025



കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുപ്രധാനമായ നിരവധി പദ്ധതികൾ തുറക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചു. വിമാനത്താവളത്തിലെ മൂന്നാം റൺവേയും പുതിയ എയർ ട്രാഫിക് കൺട്രോൾ ടവറും ഒക്ടോബർ 30-ന് തുറക്കാൻ ഒരുങ്ങുകയാണെന്ന് DGCAയിലെ പ്ലാനിംഗ് ആൻഡ് പ്രോജക്ട്‌സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാദ് അൽ ഒതൈബി പറഞ്ഞു.ഈ സുപ്രധാന പദ്ധതിയുടെ പൂർത്തീകരണത്തിന് സംഭാവന നൽകിയ എല്ലാ വിഭാഗങ്ങൾക്കും അൽ ഒതൈബി ടെലിവിഷൻ പ്രസ്താവനയിലൂടെ നന്ദി അറിയിച്ചു. 

ഇത് കുവൈത്തി വ്യോമഗതാഗത മേഖലയുടെ ചരിത്രത്തിലെ ഗുണപരമായ ഒരു വഴിത്തിരിവാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിമാനത്താവളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈ മൂന്നാം റൺവേ. ഇതിന് 4.4 കിലോമീറ്റർ നീളമുണ്ട്.രൂപകൽപ്പനയുടെയും സാങ്കേതിക നിലവാരത്തിൻ്റെയും കാര്യത്തിൽ ഇത് ലോകത്തിലെ ഏറ്റവും മികച്ച റൺവേകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.തുടർച്ചയായ നാല് വർഷത്തെ പരിശ്രമങ്ങളുടെ ഫലമാണ് ഈ പദ്ധതിയുടെ പൂർത്തീകരണം. "ഈ മാസം അവസാനത്തോടെയുള്ള റൺവേയുടെ ഔദ്യോഗിക ഉദ്ഘാടനം വിമാനങ്ങളുടെ ലാൻഡിംഗിൻ്റെയും ടേക്ക് ഓഫിൻ്റെയും സുരക്ഷയ്ക്കും, വിമാനത്താവളത്തിൻ്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനും വലിയ സംഭാവന നൽകും," അൽ ഒതൈബി കൂട്ടിച്ചേർത്തു.

Related News