മരുന്നുകൾ ഇനി വെൻഡിംഗ് മെഷീൻ വഴി ; ആരോഗ്യ മന്ത്രാലയം പുതിയ നിയമങ്ങൾ പുറത്തിറക്കി

  • 12/10/2025



കുവൈത്ത് സിറ്റി: രാജ്യത്ത് മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും വെൻഡിംഗ് മെഷീനുകൾ വഴി വിൽക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ നിശ്ചയിച്ചുകൊണ്ട് ആരോഗ്യ മന്ത്രാലയം മിനിസ്റ്റീരിയൽ റെസലൂഷൻ നമ്പർ 240/2025 പുറത്തിറക്കി. സ്ഥിരമല്ലാത്ത സ്ഥലങ്ങളിൽ മരുന്ന് വിതരണം ചെയ്യുന്നതിനാണ് ഈ നിയമം. സ്വകാര്യ മേഖലയിലെ മരുന്ന് വിതരണ സമ്പ്രദായം ആധുനികവൽക്കരിക്കുന്നതിനും ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ നീക്കം.

മിനിസ്റ്റീരിയൽ റെസലൂഷൻ നമ്പർ 238/2025 പ്രകാരം അംഗീകരിച്ച പട്ടികയിൽ ഉൾപ്പെടുന്ന മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും ഇനി സ്വകാര്യ ഫാർമസികൾക്ക് സെൽഫ്-സർവീസ് വെൻഡിംഗ് മെഷീനുകൾ വഴി വിൽക്കാൻ അനുമതിയുണ്ട്. ഈ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്ന ഫാർമസികൾ ആരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ വ്യവസ്ഥകളും പാലിക്കുകയും ഡ്രഗ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നിർദ്ദിഷ്ട ചാനൽ വഴി ഇലക്ട്രോണിക് അപേക്ഷ സമർപ്പിക്കുകയും വേണം. ഈ മെഷീനുകൾ പ്രവർത്തിപ്പിക്കണമെങ്കിൽ ഫാർമസികൾക്ക് സാധുവായ ലൈസൻസ് ഉണ്ടായിരിക്കണം. ലൈസൻസുള്ള ഒരു ഫാർമസിസ്റ്റ് അല്ലെങ്കിൽ ഫാർമസി ടെക്നീഷ്യൻ ഈ യന്ത്രങ്ങളുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കണം. മെഷീന്റെ ഉടമസ്ഥാവകാശത്തിന്റെയോ വാടകയുടെയോ രേഖകൾ, സ്ഥാപിച്ച സ്ഥലങ്ങൾ, മരുന്ന് വിതരണത്തിനുള്ള പ്രത്യേക പെർമിറ്റ് എന്നിവയുൾപ്പെടെയുള്ള ആവശ്യമായ രേഖകളും സമർപ്പിക്കേണ്ടതുണ്ട്.

Related News