യൂറോപ്പിലേക്കുള്ള യാത്രക്കാർക്ക് പുതിയ 'എൻട്രി-എക്സിറ്റ് സിസ്റ്റം'; വിമാനത്താവളങ്ങളിൽ നടപടിക്രമങ്ങൾ വൈകാൻ സാധ്യത

  • 12/10/2025



കുവൈത്ത് സിറ്റി: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഷെങ്കൻ മേഖലയിലെ അതിർത്തികളിലും പുതിയ യൂറോപ്യൻ എൻട്രി-എക്സിറ്റ് സിസ്റ്റം (EES) ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചു. 2026 ഏപ്രിൽ 10-ഓടെ ഈ സംവിധാനം പൂർണ്ണമായി പ്രവർത്തനക്ഷമമാകും. അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനും യൂറോപ്പിലേക്ക് പ്രവേശിക്കുന്നവരുടെയും പുറത്തുപോകുന്നവരുടെയും രജിസ്‌ട്രേഷൻ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇഇഎസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് ഡി.ജി.സി.എ. വക്താവ് അബ്ദുല്ല അൽ രാജ്ഹി വ്യക്തമാക്കി. സിസ്റ്റം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ യാത്രക്കാർ ശ്രദ്ധയോടെ പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ, പാസ്‌പോർട്ടുകളിൽ പതിക്കുന്ന പരമ്പരാഗത സ്റ്റാമ്പിംഗിന് പകരം യാത്രക്കാരുടെ വിവരങ്ങൾ ഡിജിറ്റലായി ശേഖരിക്കും. വിരലടയാളം, മുഖം തിരിച്ചറിയൽ പോലുള്ള വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് ഡാറ്റയും ഇതിൽ ഉൾപ്പെടുന്നു. ഇത് ഷെങ്കൻ രാജ്യങ്ങളിലേക്കും പുറത്തേക്കുമുള്ള സഞ്ചാരങ്ങൾ കൂടുതൽ കൃത്യതയോടെയും സുരക്ഷിതമായും നിരീക്ഷിക്കാൻ സഹായിക്കും. ഇഇഎസ് നടപ്പിലാക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിൽ വിമാനത്താവളങ്ങളിൽ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം എടുത്തേക്കാം എന്ന് അൽ രാജ്ഹി മുന്നറിയിപ്പ് നൽകി. അതിനാൽ, യാത്രക്കാർ കൂടുതൽ സമയം ചെലവഴിക്കാൻ തയ്യാറെടുക്കുകയും അതിനനുസരിച്ച് പ്ലാൻ ചെയ്യുകയും വേണം.

Related News