കുവൈത്ത് ഷോപ്പിംഗ് മാളുകളിൽ സുരക്ഷാ പരിശോധന: കൂട്ടത്തല്ലുണ്ടാക്കിയ 20 പേർ പിടിയിൽ; പ്രവാസികളെ നാടുകടത്തി

  • 15/10/2025



കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിൽ അടുത്തിടെ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ട കൂട്ടത്തല്ലുകൾ, പ്രത്യേകിച്ച് കത്തി ഉപയോഗിച്ചുള്ള അക്രമങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും എൻവയോൺമെൻ്റൽ പോലീസ് ഡിപ്പാർട്ട്‌മെൻ്റും ഷോപ്പിംഗ് മാളുകൾ കേന്ദ്രീകരിച്ച് തീവ്രമായ സുരക്ഷാ പരിശോധന നടത്തി.

പൊതുജന ക്രമം നിലനിർത്തുന്നതിനും പൊതുസ്ഥലങ്ങളിലെ നിഷേധാത്മക പെരുമാറ്റങ്ങൾ ചെറുക്കുന്നതിനുമുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടറിൻ്റെ നിലവിലെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കാമ്പയിൻ എന്ന് മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

വഴക്കുകൾക്ക് പ്രേരിപ്പിക്കുകയും അരാജകത്വം സൃഷ്ടിക്കുകയും ചെയ്ത 20 പേരെ അറസ്റ്റ് ചെയ്തു. നിയമം ലംഘിച്ച പ്രവാസികളെ ഉടൻ തന്നെ നാടുകടത്തി. പൗരന്മാർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. പൊതു സദാചാരം ലംഘിച്ചതിന് നാല് പേരെ അറസ്റ്റ് ചെയ്തു. ഷോപ്പിംഗ് മാളുകളിൽ പുകവലിച്ചതിന് എൻവയോൺമെൻ്റൽ പോലീസ് ഉദ്യോഗസ്ഥർ നാല് പേരെ അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.ക്രമസമാധാനം തകർക്കുകയോ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുകയോ ചെയ്യുന്ന ആർക്കെതിരെയും കർശനമായ പ്രതിരോധ നടപടികൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

Related News