ഔദ്യോഗിക ആശയവിനിമയങ്ങളിൽ 'ന്യൂ കുവൈത്ത്' ലോഗോ ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം

  • 31/10/2025



കുവൈത്ത് സിറ്റി: എല്ലാ ഔദ്യോഗിക കത്തിടപാടുകളിൽ നിന്നും പരിപാടികളിൽ നിന്നും 'ന്യൂ കുവൈത്ത്' എന്ന ലോഗോയുടെ ഉപയോഗം നിർത്തലാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കുവൈത്ത് വിഷൻ 2035ന്‍റെ വികസന കാഴ്ചപ്പാടിന് കൂടുതൽ ശക്തി നൽകാനും ഔദ്യോഗിക വികസന സംഭാഷണങ്ങളിൽ ഏകീകരണം കൊണ്ടുവരുന്നതിനുമാണ് ഈ നടപടി. കഴിഞ്ഞ ഒക്ടോബർ പകുതിയോടെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെൻ്റിൻ്റെ ജനറൽ സെക്രട്ടേറിയറ്റ് സമർപ്പിച്ച കത്ത് കാബിനറ്റ് പരിശോധിച്ചു. 'ന്യൂ കുവൈത്ത്' എന്ന മുദ്രാവാക്യം എല്ലാ ഔദ്യോഗിക പ്രവർത്തനങ്ങളിൽ നിന്നും കത്തിടപാടുകളിൽ നിന്നും ഒഴിവാക്കാനുള്ള നടപടികൾ സെക്രട്ടേറിയറ്റ് നേരത്തെ ആരംഭിച്ചതായി ഈ കത്തിൽ അറിയിച്ചിരുന്നു. ഇതുപ്രകാരം കുവൈത്ത് വിഷൻ 2035ലെ ഉള്ളടക്കങ്ങളിലും അതിൻ്റെ വികസന പദ്ധതികളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും നിർദ്ദേശമുണ്ടായിരുന്നു. ഈ നീക്കത്തിലൂടെ, രാജ്യത്തിൻ്റെ ഔദ്യോഗിക ആശയവിനിമയങ്ങളെല്ലാം 'കുവൈത്ത് വിഷൻ 2035' എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം.

Related News