നാളെ മുതൽ ബസ് ഗതാഗതം പുനരാരംഭിക്കും

  • 17/08/2020

കുവൈത്ത് സിറ്റി : രാജ്യത്ത് നാളെ മുതൽ ബസ് ഗതാഗതം പുനരാരംഭിക്കും. കോവിഡ്​ പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നതിന്‍റെ ഭാഗമായി നാലാം ഘട്ടം ആരംഭിക്കുന്നതോടെയാണ്  ബസ്​ സർവിസുകൾക്ക്​ അനുമതി ലഭിച്ചത്. പൊതുഗതാഗതം പുനരാരംഭിക്കാനുള്ള സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ബസിലെ യാത്രക്കാരുടെ ശേഷി 30% കവിയാൻ പാടില്ല. ഡ്രൈവറുടെ സഹായമില്ലാതെ യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാൻ കഴിയുന്ന തരത്തിൽ  ഓട്ടോമാറ്റിക് ടിക്കറ്റ് ഇഷ്യു ചെയ്യാനുള്ള സൗകര്യവും മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. യാത്രക്കാര്‍ക്ക് മാസ്​കും കൈയുറയും നിർബന്ധമാണ്. ഓരോ യാത്രയും ആരംഭിക്കുന്നതിന് മുമ്പുതന്നെ ബസുകള്‍ അണുവിമുക്തമാക്കണം. അതോടപ്പം യാത്രക്കാരുടെ താപനില അളക്കുന്നതിന് ബസുകളില്‍ തെര്‍മോ മീറ്റര്‍ ഘടിപ്പിക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈകീട്ട് 7:00 മണി വരെ പൊതു ബസുകൾ സർവീസ് നടത്താം. സർക്കാറിന്​ കീഴിലുള്ള കുവൈത്ത്​ പബ്ലിക്​ ട്രാൻസ്​പോർട്ട്​ കമ്പനി, സിറ്റി ബസ്​, കെ.ജി.എൽ എന്നീ കമ്പനികളാണ്​ കുവൈത്ത്​ പൊതുഗതാഗതം നടത്തുന്നത്​.മാർച്ച്​ 12 മുതലാണ്​ കുവൈത്തിൽ ബസ്​ സർവിസുകൾക്ക്​ വിലക്ക്​ ഏർപ്പെടുത്തിയത്​. ബസ്​ സർവിസ്​ നിലച്ചതോടെ ശമ്പളത്തേക്കാൾ കൂടുതൽ തുക യാത്രക്ക്​ ചെലവഴിക്കേണ്ട സ്ഥിതിയിലാണ്​ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ. 250 ഫിൽസ്​ മാത്രമാണ്​ ഒരു വശത്തേക്ക്​ സാധാരണ ദൂരങ്ങളിൽ ബസ്​ നിരക്ക്​.

Related News