പ്രതീക്ഷയേകി ബെല്‍ജിയന്‍ ഗവേഷകരുടെ പഠനം

  • 19/04/2020

ഒട്ടക വർഗത്തിൽപ്പെടുന്ന ലാമകളുടെ രക്തത്തിൽ കാണപ്പെടുന്ന ആന്റിബോഡിക്ക് കൊറോണ വൈറസിനെ നിർവീര്യമാക്കാൻ സാധിക്കുമെന്ന് ഗവേഷകർ. ബൽജിയത്തിലെ വ്ളാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലെ ഗവേഷകരാണ് കോവിഡ് പോരാട്ടത്തിന് ഈയൊരു സാധ്യത അവതരിപ്പിച്ചത്.
ഒട്ടകത്തിന്റെ വർഗത്തിൽ ഉൾപ്പെടുന്നവയുടെ രക്തത്തിൽ കാണപ്പെടുന്ന ചില തന്മാത്രകൾ നിലവിലെ കൊറോണ വൈറസ് രോഗബാധയ്ക്കെതിരായ ഔഷധമായി ഉപയോഗിക്കാൻ സാധിച്ചേക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
മുമ്പ് എച്ച്.ഐ.വി ഗവേഷണങ്ങൾക്കായാണ് ഈ ആന്റിബോഡികൾ ആദ്യമായി പരീക്ഷിച്ചിരുന്നത്. പിന്നീട് സാർസ്, മെർസ് എന്നീ രോഗങ്ങൾ വന്നപ്പോഴും അവയ്ക്കെതിരെ ഈ ആന്റിബോഡികൾ ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നവയാണ്.
സാർസ് ( സെവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രോം), മെർസ് ( മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രേം) എന്നിവയുണ്ടാക്കിയ കൊറോണ വൈറസുകളുടെ കൂട്ടത്തിലാണ് നിലവിലെ കോവിഡ് -19 ബാധയ്ക്ക് കാരണമായ സാർസ് കോവ്-2
ഒട്ടകങ്ങളുടെ രക്തത്തിലെ ആന്റിബോഡികളുടെ സവിശേഷതകൾ ആദ്യമായി തിരച്ചറിഞ്ഞത് 1989ൽ ബ്രസൽസ് യൂണിവേഴ്സിറ്റിയായിരുന്നു. തന്മാത്രാ വലിപ്പം കുറവാണെന്നതിനാൽ ഇവയുടെ വളരെ ചെറിയ അളവിനുപോലും വൈറസുകൾ ഉൾപ്പെടെയുള്ളവയ്ക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കാൻ സാധിക്കുന്നുണ്ടെന്നാണ് അന്ന് കണ്ടെത്തിയത്.
അതേസമയം ദക്ഷിണ കൊറിയയിൽ നടന്ന മറ്റൊരു പഠനത്തിൽ ധ്രുവപ്പൂച്ചകളുടെ വിഭാഗത്തിൽ പെടുന്ന ഫെററ്റുകളിൽ കൊറോണ വൈറസ് ബാധയുണ്ടായാൽ അവ മനുഷ്യർക്ക് സമാനമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. വാക്സിൻ പരീക്ഷണങ്ങൾക്കും വൈറസിനെപ്പറ്റിയുള്ള ഭാവി പരീക്ഷണങ്ങൾക്കും ഇവയെ പ്രയോജനപ്പെടുത്താമെന്നാണ് ഗവേഷകർ പറയുന്നത്.

Related News