യാത്ര നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക്​ വരാൻ അനുമതി നല്‍കിയത് പുനപരിശോധിക്കുവാന്‍ നീക്കം; പ്രവാസികള്‍ ആശങ്കയില്‍

  • 09/09/2020


കുവൈത്ത്‌ സിറ്റി : ഇന്ത്യയടക്കമുള്ള യാത്ര വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നും യു.എ.ഇ വഴിയും മറ്റും കുവൈത്തിലേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കുവാന്‍ നീക്കമെന്ന് ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച് അല്‍ സിയാസ പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ വിദേശത്ത്‌ നിന്നും രാജ്യത്തേക്ക്‌ പ്രവേശിച്ച യാത്രക്കാരിൽ റാന്‍ഡം ടെസ്റ്റ് നടത്തിയതില്‍ നിരവധി പേര്‍ക്ക്  കൊറോണ വൈറസ്‌ ബാധ കണ്ടെത്തിയിരുന്നു. 

യാത്രക്കാർക്ക്‌ പി.സി.ആർ. സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കിയിട്ടും  രോഗ ബാധ കണ്ടെത്തിയത് ആരോഗ്യ  മന്ത്രാലയം ഏറെ ഗൗരവത്തോട്‌ കൂടിയാണു കാണുന്നത്. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധമായ തീരുമാനം ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ്  പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നേരത്തെ  വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്​ച താമസിച്ചതിന്​ ശേഷം പി.സി.ആർ പരിശോധന നടത്തി കുവൈത്തിലേക്ക്​ വരാൻ അനുമതി നല്കിയിരുന്നു.അവധിക്ക്​ പോയി അഞ്ചുമാസത്തിലേറെയായി നാട്ടിൽ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള  നൂറ് കണക്കിന്  കുവൈത്ത്​ പ്രവാസികളാണ് ദുബൈ വഴിയും ഖത്തര്‍ വഴിയും കുവൈത്തിലേക്ക് വരുന്നത്. 

സന്ദർശക വിസയും ഇൻഷുറൻസും പ്രഭാത ഭക്ഷണവും  ഉൾപ്പെടുത്തിയ ഹോട്ടൽ ​സൗകര്യവും കോവിഡ്​ പരിശോധനയും എയര്‍ ടിക്കറ്റും  അടക്കം എഴുപത്തിനായിരത്തോളം രൂപയുടെ പാക്കേജുകളാണ് നാട്ടില്‍ ട്രാവല്‍ ഏജന്‍സികള്‍ ഓഫര്‍ ചെയ്യുന്നത്. 

അതിനിടെ പ്രവേശന വിലക്ക്‌ ഏർപ്പെടുത്തിയ 32 രാജ്യങ്ങളുടെ പട്ടിക നാളെ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ അവലോകനം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയം നൽകുന്ന റിപ്പോർട്ട്‌ അടിസ്ഥാനമാക്കിയാണു ലിസ്റ്റില്‍  രാജ്യത്തെ ഉൾപ്പെടുത്തണമെന്നോ ഒഴിവാക്കണമെന്നോ തീരുമാനിക്കുകയെന്നാണ് സൂചന. 

Related News