ആശ്വാസ വാര്‍ത്ത; നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

  • 13/09/2020

വിപരീത ഫലം കണ്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഓക്‌സ്ഫഡ് വാക്‌സിന്റെ പരീക്ഷണം പുനരാരംഭിച്ചു. പരീക്ഷണം തുടരാന്‍ അനുമതി ലഭിച്ചെന്ന് ബ്രിട്ടീഷ് കമ്പനി അസ്ട്രാസെനക അറിയിച്ചു. വാക്‌സിന്‍ കുത്തിവെച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് വിപരീത ഫലം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിയിരുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിനാണ് വീണ്ടും തുടക്കമിട്ടിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി 18,000 പേരിലാണ് വാക്സിന്‍ ഇതുവരെ പരീക്ഷിച്ചിട്ടുള്ളത്. അസ്ട്രാസെനക ഓക്സ്ഫെഡ് കൊറോണ വൈറസ് വാക്സീന്റെ (AZD1222) ക്ലിനിക്കൽ ട്രയൽ പുനരാരംഭിച്ചു. വാക്സിന്‍ പരീക്ഷണം സുരക്ഷിതമാണെന്ന യുകെയിലെ മെഡിക്കൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആർഎ)യുടെ അനുമതി ലഭിച്ചതോടെയാണ് പരീക്ഷണം വീണ്ടും ആരംഭിച്ചതെന്ന് അസ്ട്രാസെനക ഇറക്കിയ കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ചിരുന്നത്. പരീക്ഷണത്തിന് വിധേയനായ ഒരാളില്‍ അജ്ഞാത രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് നിര്‍ത്തിവെച്ചത്. തുടർന്ന്, തുടർപരീക്ഷണവും സുരക്ഷയും സംബന്ധിച്ച് തീരുമാനമെടുക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ജൂലൈ 20നാണ് ഓക്സ്ഫഡ് ആദ്യം കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. ഈ വർഷം അവസാനത്തോടു കൂടിയോ ജനുവരി ആദ്യത്തിലോ വാക്സിൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

Related News