കൊവിഡ് വാക്സിൻ കണ്ടെത്തുന്നതിന് മുൻപ് 20 ലക്ഷം പേർ മരണപ്പെടാൻ സാധ്യതയുണ്ട്; മുന്നറിയിപ്പുമായി ലോകാരോ​ഗ്യസംഘടന

  • 26/09/2020

ലോകത്ത് കൊവിഡ് 19നെ പ്രതിരോധിക്കാനുളള വാക്‌സിന്‍ കണ്ടുപിടിക്കുന്നതിന് മുൻപ് 20 ലക്ഷം പേരെങ്കിലും മരിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സീസ് തലവന്‍ ഡോ. മൈക് റിയാനാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ ലോകത്ത് ആകെ 10 ലക്ഷത്തിനടുത്ത് ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3 കോടി 27 ലക്ഷത്തിലധികം പേർക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ചില രാജ്യങ്ങളിൽ ആശങ്ക പടർത്തി കൊവിഡ് വ്യാപിക്കുകയാണെന്നും മൈക്ക് റിയാന്‍ പറഞ്ഞു. യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ രോഗം വീണ്ടും വ്യാപിക്കാന്‍ തുടങ്ങിയതിനെ പരാമര്‍ശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

രോഗ വ്യാപനം തടയുന്നതിനുള്ള അവസാനത്തെ ആശ്രയമാണ് ലോക്ക്ഡൗണ്‍. അതിന് മുൻപ് ചെയ്യേണ്ട കാര്യങ്ങള്‍ ഫലപ്രദമായി ചെയ്യാന്‍ കഴിഞ്ഞുവോ എന്ന കാര്യം ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടെസ്റ്റിംങ്, ട്രേസിംങ്, ക്വാറന്റൈന്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കിയാലെ കൊവിഡിനെ പ്രതിരോധിക്കാൻ കഴിയുകയുളളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News