2016ല്‍ ട്രംപ് ആദായനികുതി അടച്ചത് വെറും 750ഡോളര്‍; പത്തുവര്‍ഷം ആദായ നികുതി അടച്ചിട്ടില്ലെന്നും റിപ്പോർട്ട്

  • 28/09/2020

അമേരിക്കന്‍ പ്രസിഡന്റ്  ഡോണാള്‍ഡ് ട്രംപ്  2016ല്‍ ആദായനികുതി ഇനത്തില്‍ അടച്ചത് വെറും 750ഡോളറെന്ന് റിപ്പോര്‍ട്ട്. ഇരുപതിലധികം വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ ഡേറ്റ അടിസ്ഥാനത്തിലാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്.  കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിനിടെ, പത്തുവര്‍ഷം ട്രംപ് ആദായ നികുതി അടച്ചിട്ടേയില്ല എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലാഭത്തേക്കാള്‍ ഏറെ നഷ്ടമുണ്ടായെന്ന് അവകാശപ്പെട്ടാണ് ട്രംപ് ഇങ്ങനെ ചെയ്തതെന്നാണ് വിശദീകരണം. 

2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പിന്നീട് അധികാരത്തിലെത്തിയപ്പോഴും ട്രംപിന്റെ ആദായനികുതി വിഷയം ചര്‍ച്ചയായിരുന്നു. നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് രണ്ടാമൂഴം തേടുന്ന സാഹചര്യത്തില്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയായേക്കും. നിയമ പ്രകാരം അമേരിക്കയുടെ പ്രസിഡന്റുമാര്‍ തങ്ങളുടെ വ്യക്തിഗത സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. എന്നാല്‍ റിച്ചാഡ് നിക്‌സന്‍ മുതലുള്ളവര്‍ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച, ട്രംപ് ഈ സമ്പ്രദായം ലംഘിച്ചിരിക്കുകയാണ്. 

അമേരിക്കൻ പൊതുജനങ്ങൾക്ക് തന്റെ നികുതികൾ അറിയാൻ താൽപ്പര്യമില്ലെന്നും ആഭ്യന്തര റവന്യൂ സേവനത്തിന്റെ ഓഡിറ്റിന് വിധേയനായതിനാൽ നികുതി വരുമാനം വെളിപ്പെടുത്താൻ കഴിയില്ലെന്നും ട്രംപ് മുൻപ് വ്യക്തമാക്കിയിരുന്നു. താനൊരു  വിജയകരമായ  ബിസിനസുകാരനാണ്, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ വിജയകരമായി നയിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് മുൻപ് അവകാശപ്പെട്ടിരുന്നു. 

Related News