തലച്ചോറിനെ തിന്നുന്ന അമീബ ഭീതിയിൽ അമേരിക്കയിലെ ടെക്സാസ് ; രോഗം ബാധിച്ച്‌ ആറുവയസ്സുകാരന്‍ മരിച്ചു

  • 29/09/2020

അമേരിക്കയിലെ ടെക്സാസിൽ തലച്ചോറിനെ തിന്നുന്ന അമീബയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ദുരന്ത സാധ്യത മുന്നറിയിപ്പുമായി ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അബ്ബോട്ട്.  അമീബ ബാധിച്ച്‌ ആറു വയസ്സുകാരന്‍ മരിച്ചതിന് പിന്നാലെയാണ് ദുരന്ത സാധ്യത മുന്നറിയിപ്പ് നൽകിയത്. നെഗ്‌ളേരിയ ഫൗളേരി എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് കുട്ടിയുടെ ശരീരത്തില്‍ പ്രവേശിച്ചത്. പിന്നീട് പ്രദേശത്തെ ജലവിതരണ സംവിധാനത്തിലും അമീബയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

കുട്ടിയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ വീട്ടിലെ ഗാര്‍ഡന്‍ ഹോസിന്റെ ടാപ്പില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നഗരകേന്ദ്രത്തിലെ ജലധാരയിലും പ്രധാനനഗരമായ ഹൂസ്റ്റണിനടുത്തുളള മറ്റൊരു നഗരത്തിലെ ഫയര്‍ ഹൈഡ്രന്റിലും അമീബയുടെ സാന്നിധ്യം കണ്ടെത്തിയതായി നഗരസഭ ഉദ്യോഗസ്ഥന്‍ മൊഡെസ്‌റ്റോ മുണ്ടോ അറിയിച്ചു. ലേക് ജാക്‌സണ്‍ ഉള്‍പ്പെടുന്ന ബ്രസോറിയയിലെ നിരവധി നഗരങ്ങളില്‍ താമസക്കാരോട് കുടിക്കുന്നതിനോ, കുളിക്കുന്നതിനോ, പാചകം ചെയ്യുന്നതിനോ പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Related News