ലോകത്ത് ഓരോ 16 സെക്കന്റിലും ഒരാള്‍ വീതം കൊവിഡ് ബാധിച്ച് മരിക്കുന്നുവെന്ന് റിപ്പോർട്ട്

  • 01/10/2020

ലോകത്ത് കൊവിഡ് രോ​ഗികൾ പ്രതിദിനം  വർധിക്കുന്നതിനോടൊപ്പം മരണ നിരക്കും വർധിക്കുന്നുണ്ടെന്ന് റിപ്പോർട്ട്.  ലോകത്ത് ഓരോ 16 സെക്കന്റിലും ഒരാള്‍ വീതം കൊവിഡ് ബാധിച്ച് മരണപ്പെടുന്നുവെന്ന് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ‌ജനുവരി ആദ്യവാരം മുതല്‍ സെപ്തംബര്‍ അവസാനം വരെയുള്ള കണക്ക് പരിശോധിച്ചാല്‍ ഓരോ 24 മണിക്കൂറിലും ലോകത്ത് 5400 പേര്‍ വീതമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് ആകെ കൊവിഡ‍് മരണം പത്ത് ലക്ഷം കവിഞ്ഞ് ഉയരുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ട്. ജനുവരി 9ന് ചൈനയിലെ വുഹാനില്‍ മരിച്ച 61 കാരന്റെതാണ് ലോകത്തെ ആദ്യ കൊവി‍ഡ് മരണം. 

മണിക്കൂറില്‍ 226 പേരും ഓരോ 16 സെക്കന്റിലും ഒരാള്‍ വീതവും മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതുവരെ ലോകത്ത് പ്രതിവര്‍ഷം ഏറ്റവുമധികം പേര്‍ മലേറിയ മൂലം മരിച്ചെന്നായിരുന്നു കണക്ക്. എന്നാല്‍ ഈ വര്‍ഷം ഇതുവരെയുള്ള കണക്ക് പ്രകാരം മലേറിയ ബാധിച്ച് മരിച്ചവരേക്കാള്‍ ഇരട്ടിയാണ് കൊവിഡ് മരണങ്ങളെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തില്‍ ഇതുവരെയുണ്ടായ എല്ലാ കൊവിഡ് മരണങ്ങളിലും 45 ശതമാനവും അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ്.  അമേരിക്കയിൽ 2,11,740 പേരും, ഇന്ത്യയിൽ 98,708 പേരും, ബ്രസീലിൽ 1,43,962 പേരും ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. 

Related News