ബ്ലൂവെയില്‍ ഗെയിമിന് സമാനമായ മറ്റൊരു ആത്മഹത്യാ ഗെയിം കൂടി; 11കാരന്‍ ജീവനൊടുക്കി

  • 03/10/2020

കുട്ടികളെ മരണത്തിലേക്ക് നയിക്കുന്ന ബ്ലൂവെയില്‍ ഗെയിമിന് സമാനമായ മറ്റൊരു ആത്മഹത്യാ ഗെയിം കൂടി ഭീതി വിതക്കുന്നു. ഇറ്റലിയിൽ ജോനാഥന്‍ ഗലിന്ദോ എന്ന സാങ്കല്‍പിക കഥാപാത്രം നല്‍കുന്ന ഹൊറര്‍ ചലഞ്ചുകള്‍ ഏറ്റെടുത്ത് ഗെയിം കളിച്ച 11കാരന്‍ ജീവനൊടുക്കി.  നേപ്പിള്‍സിലെ വിയ മെര്‍ജലിനയില്‍ പത്തുനില കെട്ടിടത്തിന്റെ ജനല്‍ വഴി താഴേക്ക് ചാടിയാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. ആരോഗ്യവാനായ കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടിയുടെ ടാബ് പരിശോധിച്ചപ്പോഴാണ് ആത്മഹത്യ ഗെയിമിന് കുട്ടി അടിമപ്പെട്ടതായി മനസ്സിലായത്. ജോനാഥന്‍ ഗലിന്ദോ എന്ന സാങ്കല്‍പ്പിക കഥാപാത്രത്തിന് അടിമപ്പെട്ടാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. 

 ‘അച്ഛനെയും അമ്മയേയും ഞാന്‍ സ്‌നേഹിക്കുന്നു. തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം. എനിക്ക് അധികം സമയമില്ല. എന്നോട് ക്ഷമിക്കണം’. എന്ന ഒരു സന്ദേശം കുട്ടിയുടെ ടാബിൽ നിന്ന് കണ്ടെത്തിയതായി മതാപിതാക്കൾ വിശദീകരിക്കുന്നു.  സോഷ്യല്‍ മീഡിയയില്‍ ജോനാഥനെ ചേര്‍ക്കുന്നതോടെയാണ് കളി ആരംഭിക്കുന്നത്. പിന്നീട് അര്‍ധരാത്രി ഉണര്‍ന്ന് പ്രേത സിനിമകള്‍ കാണുന്നത് പോലുള്ള ടാസ്‌കുകള്‍ നല്‍കും. കളിക്കുന്നയാള്‍ സ്വയം ജീവനൊടുക്കുന്നതോടെയാണ് ഗെയിം പൂര്‍ത്തിയാകുക. ഇതിന് മുൻപ് 2016ല്‍ ഭീതിവിതച്ച ബ്ലൂവെയില്‍ ഗെയിമിന് ഇരയായി നൂറുകണക്കിന് കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Related News