2500 വര്‍ഷം പഴക്കമുള്ള 59 മമ്മികളെ ഈജിപ്തിൽ നിന്നും കണ്ടെത്തി

  • 04/10/2020

ഈജിപ്തിന്റെ തലസ്ഥാനമായ സാഖറയില്‍  നിന്ന് ഏകദേശം 2500 വര്‍ഷം പഴക്കമുള്ള 59 മമ്മികളെ കണ്ടെത്തിയതായി പുരാവസ്തു ​ഗവേഷകർ അറിയിച്ചു. പുരാതന ഈജിപ്ഷ്യൻ തലസ്ഥാനമായ മെംഫിസിന്റെ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ കെയ്‌റോയുടെ തെക്ക് ഭാഗത്ത് നിന്നാണ് മമ്മിഫൈഡ് ചെയ്ത ശവശരീരങ്ങള്‍ ശവപ്പെട്ടിക്കുള്ളില്‍ തുണികൊണ്ട് പൊതിഞ്ഞ നിലയിൽ കണ്ടെത്തിയിരിക്കുന്നത്.  ഈ തുണികളില്‍ കടുത്ത നിറത്തില്‍ ചില ലിഖിതങ്ങള്‍ കുറിച്ചിട്ടുമുണ്ട്. ഈ കണ്ടെത്തലിൽ തങ്ങൾ വളരെ സന്തുഷ്ടരാണെന്ന് സുപ്രീം കൗൺസിൽ ഓഫ് ആന്റിക്വിറ്റീസ് സെക്രട്ടറി ജനറൽ മോസ്തഫ വാസിരി പറഞ്ഞു. ഈ മമ്മി കണ്ടപ്പോള്‍ ഇന്നലെ അടക്കം ചെയ്തതു പോലെയാണ് തോന്നുന്നതെന്നും ഈജിപ്ത് ടൂറിസം മന്ത്രി വ്യക്തമാക്കി. 

കഴിഞ്ഞ ആഴ്ച  13 ശവപ്പെട്ടികള്‍ കണ്ടെത്തിയിരുന്നു.  
4700 വര്‍ഷം പഴക്കമുള്ള ജോസര്‍ പിരമിഡിന്റെ സമീപത്ത്   ഇനിയും ഒരുപാട് ശവശരീരങ്ങള്‍ മമ്മിഫൈഡ് ചെയ്ത് ഇവിടെ കുഴിച്ചിട്ടിട്ടുണ്ടാകും, അതിനാൽ ഇന്ന് കണ്ടെത്തിയത്  ഒരു അവസാനമല്ല, വലിയ കണ്ടെത്തലിന്റെ തുടക്കമായി താൻ കരുതുന്നു, എന്നാണ് ഈജിപ്ത് മന്ത്രി ഖാലിദ് അല്‍ അനാനി വ്യക്തമാക്കുന്നത്. ഈജിപ്തിൽ കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഉണ്ടായ പുരാവസ്തു കേന്ദ്രത്തിന്റെ ആദ്യത്തെ പ്രധാന  കണ്ടെത്തലാണിത്.  ഇപ്പോള്‍ കണ്ടെത്തിയ മമ്മികളെ ഗ്രാന്റ് ഈജിപ്ഷ്യന്‍ മ്യൂസിയത്തിലേക്ക് മാറ്റും. ഇതിന് മുൻപ് സഖാറയില്‍ നടത്തിയ ഖനനത്തില്‍ മമ്മിഫൈഡ് ചെയ്ത പാമ്പുകള്‍, പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയെ കണ്ടെത്തിയിരുന്നു

Related News