ലോകം നേരിടുന്നത് ഏറ്റവും പ്രയാസമേറിയ സമയം; പത്തില്‍ ഒരാള്‍ കൊവിഡ് ബാധിതനെന്ന് ലോകാരോഗ്യ സംഘടന

  • 06/10/2020

ലോകത്ത് പത്തില്‍ ഒരാള്‍ കൊവിഡ് ബാധിതനെന്ന സൂചന നൽകുന്നതാണ് പുതിയ കണക്കുകളെന്ന് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം തലവന്‍ ഡോ. മൈക്കിള്‍ റയാന്‍. ലോകം അഭിമുഖീകരിക്കാനിരിക്കുന്നത് ഏറ്റവും പ്രയാസമേറിയ സമയമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലോകാരോഗ്യസംഘടനയുടെ 34 അംഗ എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ പ്രത്യേക സെഷനില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.നഗരങ്ങള്‍ മുതല്‍ ഗ്രാമങ്ങള്‍ വരെയും വിവിധ ഗ്രൂപ്പുകള്‍ക്കിടയിലും കണക്കുകള്‍ വ്യത്യാസപ്പെട്ടേക്കാം. 


എന്നാല്‍, ആത്യന്തികമായി ഈ കണക്കുകല്‍ സൂചിപ്പിക്കുന്നത് ലോകത്തെ വലിയൊരു വിഭാഗവും അപകടത്തിലാണെന്നാണ്. ദക്ഷിണ കിഴക്കന്‍ ഏഷ്യയില്‍ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വളരെ കൂടുതലാണ്. യൂറോപ്പിലും കിഴക്കന്‍ മെഡിറ്ററേനിയനിലും കൊവിഡ് മരണങ്ങളില്‍ വര്‍ധനവുണ്ട്. അതേസമയം, ആഫ്രിക്കയിലും പടിഞ്ഞാറന്‍ പസഫിക്കിലും സാഹചര്യങ്ങള്‍ കുറേക്കൂടി മെച്ചപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുളള ഏറ്റവും മികച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത് ആഗോളതലത്തില്‍ പത്തുശതമാനം ആളുകള്‍ക്കും വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നാണെന്നും റയാന്‍ വ്യക്തമാക്കി.

Related News