"സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നു"; ഇന്ത്യയുടെ ജി.ഡി.പി ഈ വര്‍ഷം 9.6 ശതമാനം ഇടിയുമെന്ന് ലോകബാങ്ക്

  • 09/10/2020

കൊവിഡ് വൈറസ് വ്യാപനവും, ലോക്ക് ഡൗണും ഇന്ത്യയുടെ സാമ്പത്താകവസ്ഥയ്ക്ക് വലിയ ആഘാതം സൃഷ്ടിച്ചെന്ന് ലോകബാങ്ക്. പ്രത്യേകിച്ച് മാര്‍ച്ചില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗൺ സാമ്പത്തികാവസ്ഥയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ടെന്നും, രാജ്യത്തിന്റെ ജി.ഡി.പി ഈ സാമ്പത്തിക വര്‍ഷം 9.6 ശതമാനം ഇടിയുമെന്നും ലോകബാങ്കിന്റെ സൗത്ത് ഏഷ്യ എകണോമിക് ഫോകസ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. 2021 ല്‍ പ്രാദേശിക വളര്‍ച്ച 4.5 ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

രാജ്യത്തെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം 2019 ലെ എസ്റ്റിമേറ്റിനേക്കാള്‍ 6 ശതമാനത്തില്‍ താഴെയായി തുടരും. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തെ പെട്ടെന്ന് മറികടക്കാനാവില്ല എന്നാണ് ലോകബാങ്ക് മുന്നറിയിപ്പ് നൽകുന്നത്.
‘നമ്മളിതുവരെ കണ്ടതിനേക്കാള്‍ എത്രയോ മോശമായ സാഹചര്യമാണ് ഇന്ത്യയിലിപ്പോള്‍,’ ‘ ഇന്ത്യയില്‍ ഇത് അസാധാരണമായ സാഹചര്യമാണ്. വളരെ മോശമായ സ്ഥിതി,’ വേള്‍ഡ് ബാങ്കിന്റെ സൗത്ത് ഏഷ്യ ചീഫ് എകണോമിസ്റ്റ് ഹാന്‍സ് ടിമ്മര്‍  വ്യക്തമാക്കി

നടപ്പു സാമ്പത്തിക വർഷം (2020 -21) ഇന്ത്യ നെഗറ്റീവ്​ വളർച്ചയിൽ വീണ്ടും താഴേക്ക്​ പോകുമെന്ന്​ അന്താരാഷ്​ട്ര ധനകാര്യ ഏജൻസിയായ ഫിച്ച് വ്യക്തമാക്കിയിരുന്നു​. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജി.ഡി.പി) മൈനസ്​ 10.5 ശതമാനം ഇടിവുണ്ടാകുമെന്നാണ്​ പ്രവചനം. നേരത്തേ മൈനസ്​ അഞ്ച്​ ശതമാനമാണ്​ പ്രവചിച്ചിരുന്നത്​.
അതേസമയം, ഫിച്ചിന്റെ ഇന്ത്യൻ വിഭാഗമായ ഇന്ത്യ റേറ്റിങ്​സ്​ ഫിച്ചിനേക്കാൾ ഉയർന്ന പതനമാണ്​ കണക്കുകൂട്ടുന്നത്​. 5.3 ശതമാനത്തിൽനിന്ന്​ നെഗറ്റീവ്​ വളർച്ച 11.8 ശതമാനത്തിലെത്തുമെന്നാണ്​ ഇന്ത്യ റേറ്റിങ്​സിന്റെ വിലയിരുത്തൽ. ഏറ്റവും മോശം വളർച്ചക്ക്​ 2020 സാക്ഷ്യം വഹിക്കുമെന്നാണ്​ രണ്ട്​ ഏജൻസികളും കണക്കു കൂട്ടുന്നത്​. 1980ലെ 5.2 ശതമാനം നെഗറ്റീവ്​ വളർച്ചയാണ്​ ഇതിന്​​ മുമ്പുണ്ടായ ഏറ്റവും കുറഞ്ഞ ജി.ഡി.പി. ​ 2020 ഏപ്രിൽ -ജൂൺ കാലയളവിൽ ജി.ഡി.പി 23.9 ശതമാനം നെഗറ്റീവ്​ വളർച്ച രേഖപ്പെടുത്തിയ സാഹചര്യത്തിലാണ്​ ഫിച്ചിന്റെ പുതിയ അവലോകനം.

Related News