ഒരു മിനിറ്റിനുള്ളില്‍ കൊവിഡ് ഫലം അറിയാം.. ! ട്യൂബിലേക്ക് ഊതിയാല്‍ മാത്രം മതി; ഇന്ത്യ - ഇസ്രയേല്‍ റാപ്പിഡ് ടെസ്‌റ്റ് കിറ്റ് വരുന്നു

  • 10/10/2020

കൊവിഡ് 19 രോഗബാധ കണ്ടെത്തുന്നതിന് പുത്തന്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന്റെ ചര്‍ച്ചയിലാണ് ഇന്ത്യയും ഇസ്രയേലും. നിലവില്‍ ലഭ്യമായിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ലളിതവും ദ്രുതഗതിയില്‍ കൃത്യമായ ഫലം ലഭ്യമാക്കുന്നതുമായ സാങ്കേതികവിദ്യയാണിത്.ഒരു ട്യൂബിലേക്ക് ഒന്ന് ഊതിയാല്‍ മാത്രം മതി. ഒരു മിനിറ്റിനുള്ളില്‍ കൊവിഡ് ഫലം അറിയാവുന്ന റാപ്പിഡ് ടെസ്റ്റിം​ഗ് കിറ്റാണ് വികസിപ്പിക്കുന്നത്. ഇന്ത്യന്‍, ഇസ്രയേലി ശാസ്ത്രജ്ഞര്‍ സംയുക്തമായാണ് ഈ കിറ്റ് വികസിപ്പിക്കുന്നത്. കൊവിഡ് പോരാട്ടത്തില്‍ ഈ പരിശോധനാ സംവിധാനം വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. 


വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ പരിശോധനാ കിറ്റ് തയാറാകുമെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റോണ്‍ മാല്‍ക പറഞ്ഞു.' പുതിയ റാപ്പിഡ് ടെസ്റ്റ് പ്രോജക്‌ട് നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനായി വിശ്വസനീയവും കൃത്യവുമായ ഒരു സാങ്കേതികവിദ്യ അല്ലെങ്കില്‍ നിലവില്‍ വിശകലനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന നാല് വ്യത്യസ്ത സാങ്കേതികവിദ്യകളില്‍ നിന്നും ഒന്നിലധികം എണ്ണത്തിന്റെ സംയോജനത്തിലേക്കോ എത്തിച്ചേരാന്‍ രണ്ടോ മൂന്നോ ആഴ്ചയില്‍ കൂടില്ല ' മാല്‍ക പറഞ്ഞു. ദ ഡിഫെന്‍സ് റിസേര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റ് ഡയറക്ടറേറ്റ് ഒഫ് ഇസ്രയേല്‍, ദ ഡിഫന്‍സ് റിസേര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍, കൗണ്‍സില്‍ ഓഫ് സയന്റഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച്‌ എന്നിവ സംയുക്തമായാണ് കൊവിഡ് പരിശോധനയ്ക്കുള്ള റാപ്പിഡ് കിറ്റ് വികസിപ്പിക്കുന്നത്. എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഈ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

Related News