ബലാത്സംഗക്കേസിൽ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ യു.എന്‍ മനുഷ്യാവകാശ വിഭാഗം

  • 16/10/2020

ബലാത്സംഗക്കേസിൽ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ യു.എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേല്‍ ബാഷേല്‍. 2012ല്‍ പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് യുവാക്കള്‍ക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് മിഷേലിന്റെ പ്രതികരണം. വധശിക്ഷയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത് ബലാത്സംഗത്തെ തടയും എന്നതാണ്. എന്നാല്‍ വധശിക്ഷ മറ്റ് തരത്തിലുള്ള ശിക്ഷകളെക്കാള്‍ കുറ്റകൃത്യത്തെ തടയുന്നു എന്നതിന് തെളിവുകളില്ലെന്നതാണ് സത്യമെന്നും ബാഷേല്‍ പറഞ്ഞു. ഭൂരിഭാ​ഗം രാജ്യങ്ങളിലും ലൈംഗിക അതിക്രമത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാവുന്നില്ല എന്നതാണ് പ്രധാന പ്രശ്നമെന്നും എന്നാല്‍ ഇതിന് നിരവധി ഘടകങ്ങള്‍ കാരണമാവുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 


ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേ രാജ്യത്ത് ജനരോഷം ശക്തമാവുന്നതിനിടെ 15കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ബംഗ്ലാദേശ് കോടതി അഞ്ച് പേരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2012ലാണ് കേസിനാസ്പദമായ സംഭവം നടന്നിരുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പീഡനകേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി വടക്കന്‍ ജില്ലയായ ടാന്‍ഗൈല്‍ബിയില്‍ സ്ഥാപിച്ച പ്രത്യേക ട്രെബ്യൂണലാണ് ശിക്ഷ വിധിച്ചത്. ബലാത്സംഗ കേസുകളില്‍ വധശിക്ഷ നല്‍കാന്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. പെണ്‍കുട്ടിയെ കാമുകന്‍ നദീതീരത്തേക്ക് കൂട്ടിക്കൊണ്ടുപോയി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. കാമുകനൊപ്പം രണ്ടു സുഹൃത്തുക്കള്‍ പീഡിപ്പിക്കുകയും മറ്റു രണ്ടു പേര്‍ കൃത്യത്തിന് പ്രതികളെ സഹായിക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു.

Related News