മനുഷ്യക്കടത്ത് കേസ്; ബംഗ്ലാദേശ് എംപി ഷാഹിദ് ഇസ്ലാമീന് നാല് വര്‍ഷം തടവും 19 ലക്ഷം ദിനാര്‍ പിഴയും

  • 29/01/2021


കുവൈത്ത് സിറ്റി: രാജ്യത്ത്  അറസ്റ്റിലായ ബംഗ്ലാദേശ് എംപി ഷാഹിദ് ഇസ്ലാമീന് 19 ലക്ഷം ദിനാര്‍ പിഴയും നാല് വര്‍ഷം തടവും  വിധിച്ചു. മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളിലാണ് കൗണ്‍സിലര്‍ അബ്ദുല്ല അല്‍ ഔത്മാന്റെ നേതൃത്വത്തിലുള്ള ബഞ്ച് ശിക്ഷ വിധിച്ചത്. ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ മേജർ ജനറൽ ഷെയ്ഖ് മസെൻ അൽ ജറാഹിനേയും ശിക്ഷിച്ചിട്ടുണ്ട്.  പാര്‍ലിമെന്റ് അംഗം സാദൌന്‍ ഹമദ് , മുന്‍   പാര്‍ലിമെന്റ് അംഗം സലേ കൂര്‍ഷിദ് എന്നീവരെ വെറുതെവിട്ടു. 

കഴിഞ്ഞ വർഷമാണ്  മറാഫി കുവൈറ്റിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സിഇഒയും ആയിരുന്ന  ബംഗ്ലാദേശ് അംഗത്തിനെതിരെ  അന്വേഷണം ആരംഭിച്ചത് . അഴിമതിയിലൂടെ  മുഹമ്മദ് ഷാഹിദ് ഇസ്ലാം കുവൈത്തിൽ 5 മില്യൺ ഡോളർ ആസ്തി നേടിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഓരോ വിദേശ തൊഴിലാളിയേയും  കുവൈറ്റിലേക്ക് എത്തിക്കുന്നതിന് ഇയാള്‍ 2500 നും 2700 നും  ദിനാര്‍ വരെ ഈടാക്കിയെന്നതാണ് കേസ്. എന്നാല്‍ വാഗ്ദാനം ചെയ്തതനുസരിച്ച് ജോലിയും വേതനവും കിട്ടിയില്ലെന്ന് തൊഴിലാളികള്‍ ആരോപിച്ചിരുന്നു. സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ പിടിയില്‍ ആയതിനെ തുടര്‍ന്നു ബംഗ്ലാദേശിലേക്ക്‌ കടന്നു കളഞ്ഞ മുഹമ്മദ്‌ ഷാഹിദുൽ ഇസ്ലാം മാർച്ച്‌ 3 നു തിരിച്ചെത്തുകയായിരുന്നു. 

അനധികൃതമായ രീതിയില്‍ 20,000 ത്തോളം ബംഗ്ലാദേശ് തൊഴിലാളികളെയാണ് മൂന്ന് കമ്പനികളിലേക്കായി ഷാഹിദ് ഇസ്ലാമിന്‍റെ നേതൃത്വത്തില്‍ കൊണ്ട് വന്നത്. തൊഴില്‍ കരാറുകൾ അനുസരിച്ച് മതിയായ പാർപ്പിടമോ ശമ്പളമോ കിട്ടാതിരുന്നതിനെ തുടര്‍ന്ന് തൊഴിലാളികള്‍ മാസങ്ങളോളം സമരം ചെയ്തിരുന്നു. ജോലിക്ക് ഹാജാരാകാതിരുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും   ഒളിച്ചോടൽ കേസുകൾ നല്‍കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ സാധാരണ ശുചീകരണ തൊഴിലാളിയായി സ്ഥാപനത്തിൽ ജോലി ആരംഭിച്ച ഇയാൾ ചുരുങ്ങിയ കാലം കൊണ്ടാണു സ്ഥാപനത്തിന്‍റെ തലപ്പത്ത്‌ എത്തുകയും പിന്നീട്‌ ബിസിനസ്‌ പങ്കാളിയായി മാറുകയും ചെയ്തത്‌. ബംഗ്ലാദേശിലെ പ്രമുഖ ബാങ്കുകളുടെ ഡയറക്ടർ സ്ഥാനത്തും ഇദ്ദേഹത്തിന്‍റെ പേര് ഉള്ളതായാണ് റിപ്പോർട്ടുകള്‍. 

Related News