കുവൈത്തിലെ ചെമ്മീന്‍ സീസണ്‍ ഫെബ്രുവരി ഒന്നിന് അവസാനിക്കുന്നു.

  • 30/01/2021

കുവൈത്ത് സിറ്റി: ചെമ്മീന്‍ സീസണ്‍  ഫെബ്രുവരി ഒന്നിന് അവസാനിക്കും . രാജ്യത്തിന്റെ സമുദ്രപരിധിയില്‍ ചെമ്മീന്‍ പിടിക്കുന്നതിന് ഫെബ്രുവരി ഒന്നുമുതല്‍ വിലക്കേര്‍പ്പെടുത്തുകയാണെന്ന് കുവൈത്ത് ഫിഷർമെൻസ് ഫെഡറേഷൻ മേധാവി സഹീർ അൽ സോയാൻ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രജനനം പരിഗണിച്ചാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.  ഈ കാലങ്ങളില്‍  കുവൈത്തിന്റെ കടല്‍ ഭാഗങ്ങളില്‍ നിന്ന്   ചെമ്മീന്‍ പിടിക്കുന്നതും പ്രാദേശിക ചെമ്മീന്‍ വില്‍ക്കുന്നതും നിയമലംഘനമായി കണക്കാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

അതേ സമയം കോവിഡ് മൂലം നിരവധി പ്രതിസന്ധികളാണ് മത്സ്യമേഖല അഭിമുഖികരീക്കുന്നതെന്നും നൂറുക്കണക്കിന് വിദേശി തൊഴിലാളികള്‍ക്ക് രാജ്യത്തേക്ക് ഇതുവരെ മടങ്ങിവരുവാന്‍ സാധിച്ചിട്ടില്ലെന്നും അൽ സോയാൻ പറഞ്ഞു.അസ്ഥിരമായ കാലാവസ്ഥ, കടൽക്കൊള്ളക്കാർ തുടങ്ങിയ നിരവധി പ്രയാസങ്ങളാണ് മത്സ്യത്തൊഴിലാളികൾ നേരിടുന്നത്.  മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങളില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപ്പെട്ടില്ലെങ്കില്‍ പുതിയ സീസണിനുള്ള തയ്യാറെടുപ്പിനെ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അറേബ്യന്‍ തീരത്തുതന്നെ ഏറ്റവും കൂടുതല്‍ ചെമ്മീനുള്ള മേഖലയാണ് കുവൈത്ത് തീരം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വര്‍ഷത്തില്‍ 1000 ടണ്‍ ചെമ്മീനെങ്കിലും കുവൈത്ത് വിപണിയില്‍ എത്താറുണ്ടെന്നാണ് കണക്ക്. കുവൈത്തിന്റെ സമുദ്രപരിധിയില്‍നിന്ന് ചെമ്മീന്‍ പിടിക്കുന്നതിന് വിലക്കുള്ള കാലത്ത് സൗദി ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്ന് എത്തുന്ന ചെമ്മീന്‍ ആണ് വിപണിയില്‍ ഉണ്ടാവാറുള്ളത്.

Related News