അറബ് രാജ്യങ്ങൾക്ക് തിരിച്ചടി; ഇറാനെതിരെയുളള ആഗോള ആയുധ ഉപരോധം അവസാനിച്ചു

  • 18/10/2020

ഇറാനെതിരെ ആഗോള ആയുധ ഉപരോധം അവസാനിച്ചതായി  ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജോയിന്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷന്റെ (ജെസിപിഒഎ) പ്രമേയം 2231 ന്റെ ഭാഗമായി ഐക്യരാഷ്ട്ര സുരക്ഷാ സമിതി (യുഎൻ‌എസ്‌സി) ഏർപ്പെടുത്തിയ 13 വർഷത്തെ വിലക്കാണ് ഇന്ന് അവസാനിച്ചത്. ആയുധ ഉപരോധം അവസാനിച്ചതിൽ   സന്തോഷമെന്ന്   ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.   ഉപരോധം നീട്ടുന്നതിന് അമേരിക്ക ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം വൻ എതിർപ്പോടെ നേരത്തെ പരാജയപ്പെട്ടിരുന്നു. 15 അംഗ രക്ഷാസമിതിയിൽ 13 രാജ്യവും പ്രമേയത്തെ എതിർത്തിരുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക് മാത്രമാണ് അമേരിക്കയ്ക്കൊപ്പം നിന്നത്. 

ഇറാനും വൻശക്തികളുമായി 2015ൽ ഉണ്ടാക്കിയ ആണവ കരാറനുസരിച്ച് ഒക്ടോബർ 18ന് കാലഹരണപ്പെടുന്ന ആയുധ ഉപരോധം അനിശ്ചിത കാലത്തേക്ക് നീട്ടാനാണ് ട്രംപ് സർക്കാർ പ്രമേയം അവതരിപ്പിച്ചിരുന്നത്. റഷ്യയും ചൈനയും എതിർത്ത് വോട്ട് ചെയ്തപ്പോൾ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നിവയടക്കം 11 രാജ്യങ്ങൾ വിട്ടുനിന്നിരുന്നു. പ്രമേയം പാസാകണമെങ്കിൽ ഒമ്പത് രാജ്യങ്ങളുടെ പിന്തുണ നേടുകയും സ്ഥിരാംഗങ്ങൾ ആരും വീറ്റോ ചെയ്യാതിരിക്കുകയും വേണമായിരുന്നു.

അമേരിക്കൻ പ്രമേയത്തിന് പിന്തുണ ഉറപ്പാക്കാൻ ഇസ്രായേലും ട്രംപിനെ പിന്തുണയ്ക്കുന്ന ആറ് അറബ് ഗൾഫ് രാജ്യങ്ങളും തീവ്രശ്രമം നടത്തിയിരുന്നു. പ്രമേയം തള്ളിയതിനാൽ പഴയ ഉപരോധങ്ങൾ പുനഃസ്ഥാപിക്കാൻ അമേരിക്ക ആണവകരാറിലെ ‘സ്നാപ്ബാക്’ വകുപ്പ് ഉപയോഗിക്കുമെന്ന് ട്രംപ് സർക്കാർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇറാൻ കരാർ ലംഘിക്കുന്നു എന്ന് കണ്ടാൽ ഇളവുകൾ നീക്കി ഉപരോധങ്ങൾ പുനഃസ്ഥാപിക്കാൻ കരാറിൽ ഒപ്പിട്ട രാജ്യങ്ങൾക്ക് അനുമതി നൽകുന്ന വകുപ്പാണ് ‘സ്നാപ്ബാക്’.

Related News