എല്ലാ പരാതികളും ഗൗരവമായി കാണണമെന്ന് പോലീസിനോട് കുവൈറ്റ്‌‌ ആഭ്യന്തര മന്ത്രി

  • 31/01/2021



ആഭ്യന്തര മന്ത്രി ഷെയ്ഖ് തമർ അൽ അലി ,സബ അൽ അഹ്മദ്, അൽ വഫ്ര റസിഡൻഷ്യൽ ഏരിയകളിലും പോലീസ് സ്റ്റേഷനുകളിലും പര്യടനം നടത്തി. പോലീസ് സ്റ്റേഷനുകൾക്ക് ലഭിച്ച പരാതികൾക്ക്‌ നിയമത്തിൻറെ അടിസ്ഥാനത്തിൽ അവ അർഹിക്കുന്ന ഗൗരവം നൽകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു . അച്ചടക്കം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളിൽ ശ്രദ്ധചെലുത്തുന്നതിനെക്കുറിച്ചും മന്ത്രി ഊന്നിപ്പറഞ്ഞു.

 നിയമവിരുദ്ധരെ നേരിടുന്നതിലും നിയമലംഘകരെ തടയുന്നതിലും പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ പ്രാധാന്യമർഹിക്കുന്നു. അതേസമയം മികച്ച സേവനങ്ങളും സുരക്ഷയും  നൽകുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.എല്ലാ ഔട്ട് പോസ്റ്റുകളും മന്ത്രി പരിശോധിച്ചതായും പോലീസ് സ്റ്റേഷനുകളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സം നേരിടുന്ന പ്രശ്നങ്ങളെല്ലാം ശ്രദ്ധയിൽപ്പെട്ടതായും അവ എത്രയും വേഗം പരിഹരിക്കണമെന്ന് ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ്,സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ജനറൽ പുറത്തിറക്കിയ പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.

Related News