പാരിസ്ഥിതിക നിയമ ലംഘനങ്ങൾക്ക് 5000 ദിനാർ വരെ പിഴ.

  • 01/02/2021


കുവൈത്ത് സിറ്റി :  മലിനജലം നേരിട്ട് കടലിലേക്ക് ഒഴുക്കുക,മാലിന്യങ്ങളും അവശിഷ്ടങ്ങളും നിയുക്ത പ്രദേശങ്ങളിൽ അല്ലാതെ വലിച്ചെറിയുക തുടങ്ങിയ നിരവധി  പാരിസ്ഥിതിക ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് സബാഹ് അൽ അഹമദ് മറൈൻ സിറ്റിയിൽ  പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തിൽ  (ഈ പി എ) പരിസ്ഥിതി ഉദോഗസ്ഥരും  സാങ്കേതിക വിദഗ്ദ്ധരും അടങ്ങുന്ന സംഘം പരിശോധനകൾക്കായി സന്ദർശനം നടത്തിയതായി ഈ പി എ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഷെയ്ഖ് അൽ ഇബ്രാഹിം മാധ്യമങ്ങളെ അറിയിച്ചു.

സംഘം കണ്ടെത്തിയ ലംഘനങ്ങൾക്ക് പുറമേ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സമുദ്രജലത്തിലെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഫീൽഡ് ടെസ്റ്റുകളും നടത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പി എ നിയമങ്ങളിലെ ആർട്ടിക്കിൾ 18, ആർട്ടിക്കിൾ 97, ആർട്ടിക്കിൾ 32 എന്നിവ അടിസ്ഥാനമാക്കിയാണ് അവലംബങ്ങൾ നൽകിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ലംഘനങ്ങളുടെ സ്വഭാവമനുസരിച്ച് 250 മുതൽ 5000 ദിനാർ വരെയാകും പിഴ ഈടാക്കുക

സമുദ്ര പരിസ്ഥിതിയുടെയും അതിൽ അടങ്ങിയിട്ടുള്ള ജീവജാലങ്ങളുടെയും  സംരക്ഷണം ഉറപ്പുവരുത്താനും അവ നേരിടുന്ന ഭീഷണി പരിമിതപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പദ്ധതിപ്രകാരം കടലിൻറെ അടിത്തട്ടിൽ കിടക്കുന്ന മാലിന്യങ്ങളും മുങ്ങിയ കപ്പലുകളും ബോട്ടുകളും നീക്കം ചെയ്യുന്നതിനുള്ള സഹകരണ കരാറിൽ  പരിസ്ഥിതി പബ്ലിക് അതോറിറ്റിയും കുവൈറ്റ് ഡൈവ് സംഘവും ഒപ്പുവെച്ചിരുന്നു.

Related News