കുവൈത്തിൽ വ്യാജ ഉൽപ്പന്നങ്ങൾ സുലഭം, ദിവസേന തട്ടിപ്പിനിരയാകുന്നത് നിരവധി ഉപയോക്താക്കൾ.

  • 02/02/2021


കുവൈറ്റ് സിറ്റി :  കുവൈറ്റിൽ വ്യാജ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന്   നിരവധി സ്ഥാപങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ  അധികൃതർ അടച്ചുപൂട്ടി. ഇത്തരം കടകളിൽ  കുവൈറ്റിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനം നടന്നിട്ടുണ്ടെന്ന് പരിശോധനാ സംഘങ്ങൾ കണ്ടെത്തിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

 ഇലക്ട്രിക്കൽ , സാനിറ്ററി, വാഹന സംബന്ധമായ പാർട്സുകൾ അണുനാശിനി, വസ്ത്രങ്ങൾ  തുടങ്ങി എന്തുമാകട്ടെ അവയുടെ വ്യാജ പതിപ്പുകൾ കുവൈത്തിൽ സുലഭമാണ് . അടുത്തിടെ നടത്തപ്പെട്ട സർവേയിലാണ് ഈ കണ്ടെത്തൽ . സ്വദേശികളെന്നോ പ്രവാസികളെന്നോ വ്യത്യാസമില്ലാതെ ഇത്തരം ഉൽപ്പന്നങ്ങൾ  വലിയ തോതിൽ  വിറ്റഴിക്കപ്പെടുകയാണെന്നു വ്യാപാരികൾ പറയുന്നു. അവരുടെ ആവശ്യങ്ങൾ നിറവേറ്റുക എന്നതിനുപരി വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് ആരും ബോധവാന്മാരല്ല .

അതെ സമയം ഇത്തരം വ്യാജ ഉല്പന്നങ്ങൾക്കെതിരെ നിയന്ത്രണം വരണമെന്നും വാങ്ങുന്നവരൊക്കെയും  സാധാരണക്കാർ ആയതിനാൽ പലർക്കും വ്യാജ ഉൽപ്പന്നങ്ങൾ തിരിച്ചറിയാൻ സാധിക്കില്ലെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇത്തരം വ്യാജ ഉല്പന്നങ്ങളിൽ വഞ്ചിക്കപെടാതിരിക്കണമെങ്കിൽ സ്വദേശികളെ   ലക്‌ഷ്യം വെച്ച് ഉത്പന്നങ്ങൾ വിൽക്കുന്ന  ഉയർന്ന ഗുണനിലാവാരമുള്ള ബ്രാൻഡഡ് സ്ഥാപനങ്ങളെ സമീപിക്കേണ്ടി വരുമെന്നും ഇത് സാധാരണക്കാർക്ക് സാധ്യമല്ലാത്ത കാര്യാമാണെന്നും സർവേയിൽ കണ്ടെത്തി.

നിയമലംഘകർക്കെതിരെ ആവശ്യമായ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും,  ഉപയോക്താക്കൾക്ക് ഹാനികരമായേക്കാവുന്ന  വ്യാജ വസ്തുക്കൾ തടയുന്നതിനും, വഞ്ചന വിരുദ്ധ നിയമങ്ങൾ നടപ്പാക്കുന്നതിനുമുള്ള പരിശോധന  തുടരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Related News