കുവൈത്ത് വിമാനത്താവളം അടച്ചിടാന്‍ ആലോചന; നിർണായക യോഗം വ്യാഴാഴ്ച ചേരും

  • 02/02/2021

കുവൈത്ത് സിറ്റി : രാജ്യത്ത് വിമാനത്താവളം വഴി എത്തുന്ന യാത്രക്കാരില്‍  കോവിഡ്  കേസുകൾ വർദ്ധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന്  കര്‍ശന ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യ അധികൃതര്‍. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി രാജ്യത്ത് പ്രവേശിക്കുന്ന യാത്രക്കാരില്‍ വിമാനത്താവളത്തിലെ പരിശോധനയില്‍  വീണ്ടും കോവിഡ് കണ്ടെത്തിയത് ആശങ്കയോടെയാണ്   അധികൃതര്‍ കാണുന്നത്. ഇത് സംബന്ധമായ ആരോഗ്യ മന്ത്രാലയത്തിലെയും സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്‍റെയും  നിര്‍ണയക യോഗം വ്യാഴാഴ്ച നടക്കുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.  അപകടകരമായ ഈ സ്ഥിതി വിശേഷത്തെ നേരിടുവാനുള്ള സംവിധാനങ്ങളെ കുറിച്ചും പരിഹാരങ്ങളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചനകള്‍. 

നേരത്തെ കുവൈത്തിലേക്ക് വരുന്ന വിമാനങ്ങളില്‍ പരമാവധി യാത്രക്കാരുടെ എണ്ണം 35 ആയും ആകെ യാത്രികരുടെ എണ്ണം ആയിരം ആയും പരിമിതപ്പെടുത്തിയിരുന്നു. ജനുവരി 24 മുതല്‍ ഫെബ്രുവരി 6 വരെയാണ്  യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാജ്യത്ത് കോവിഡ് 20 വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍  കര്‍ശനമായ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളാണ് നടപ്പിലാക്കി വരുന്നത്. പൊതു ജനങ്ങള്‍ക്കിടയില്‍ വിവാഹങ്ങൾ, പരിപാടികൾ, ഒത്തുചേരലുകൾ തുടരുന്നത് അണുബാധകളുടെ വർദ്ധനവിന്റെയും പകർച്ചവ്യാധിയുടെയും വ്യാപനത്തിലേക്ക് കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. കോവിഡ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ പൗരന്മാർ‌ തയ്യാറാകണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.  

Related News