കുവൈത്തിലേക്കുള്ള യാത്ര നിയന്ത്രണം അനിശ്ചിതകാലത്തേക്ക് നീട്ടി, ഭാഗിക കർഫ്യു ഏർപ്പെടുത്താൻ സാധ്യത.

  • 03/02/2021

കുവൈറ്റ് സിറ്റി :  കുവൈത്തിലേക്കുള്ള യാത്ര നിയന്ത്രണം അനിശ്ചിതകാലത്തേക്ക് നീട്ടി, കുവൈറ്റ് ഇന്റർനാഷണൽ എയർ പോർട്ടിൽ ഒരു ദിവസം എത്തിച്ചേരുന്ന യാത്രക്കാരുടെ എണ്ണം 1000 മാത്രമായി പരിമിതപ്പെടുത്തിയ തീരുമാനം അനിശ്ചിതകാലത്തേക്ക് നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.  കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുവൈത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ  വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്, ഇതിനെത്തുടർന്നാണ് പുതിയ തീരുമാനം.

 ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും കോവിഡ് വ്യാപനം  കൂടുതലുള്ള  ചില പാർപ്പിട പ്രദേശങ്ങൾ ഐസൊലേറ്റ് ചെയ്യുകയും , ഞായറാഴ്ച മുതൽ മൂന്ന് ആഴ്ചത്തേക്ക് വാണിജ്യ വിമാന സർവീസുകൾക്കായി അന്താരാഷ്ട്ര വിമാനത്താവളം അടയ്ക്കുകയും ചെയ്യുക എന്നീ തീരുമാനങ്ങൾ അടുത്ത ദിവസം ചേരാനിരിക്കുന്ന മന്ത്രിസഭായോഗത്തിൽ എടുത്തേക്കുമെന്നും പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് . 

കഴിഞ്ഞ മാസം 22 നാണു കുവൈത്തിൽ  യാത്ര നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് വ്യോമയാന അധികൃതർ വിജ്ഞാപനം പുറപ്പെടുവിച്ചത്‌, ഒരു ദിവസം 1000 യാത്രക്കാരും , ഒരു വീമാനത്തിൽ പരമാവധി 35 യാത്രക്കാരുമായി പരിമിതപ്പെടുത്തിയ തീരുമാനമാണ് അനിശ്ചിതകാലത്തേക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നീട്ടിയത്.  

 കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി രാജ്യത്ത് പ്രവേശിക്കുന്ന യാത്രക്കാരില്‍ വിമാനത്താവളത്തിലെ പരിശോധനയില്‍  വീണ്ടും കോവിഡ് കണ്ടെത്തിയത് ആശങ്കയോടെയാണ്   അധികൃതര്‍ കാണുന്നത്.  യാത്രക്കാർ വ്യാജ PCR സർട്ടിഫിക്കറ്റുമായി  യാത്ര ചെയ്യുന്നെവെന്ന ആരോപണവുമുണ്ട്.  

  അപകടകരമായ ഈ സ്ഥിതി വിശേഷത്തെ നേരിടുവാനുള്ള സംവിധാനങ്ങളെ കുറിച്ചും പരിഹാരങ്ങളെ കുറിച്ചും   അടുത്തദിവസം നടക്കുന്ന  യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചനകള്‍. അതേസമയം  കുവൈത്തിലേക്ക്‌ തിരിച്ചെത്തുന്നതിന്  UAE  പോലുള്ള ട്രാൻസിറ്റ് രാജ്യങ്ങളിൽ കഴിയുന്ന മലയാളികൾ അടക്കമുള്ള ആയിരക്കണക്കിനു യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നതാണു പുതിയ തീരുമാനം.

Related News