പ്രവാസി തൊഴിലാളികളുടെ കൂട്ടപലായനം; ഗൾഫ് അറബ് സമ്പദ് വ്യവസ്ഥയിലെ വൈവിധ്യവത്കരണത്തെ ബാധിക്കുമെന്ന് ഗ്ലോബൽ റേറ്റിംഗ്സ് റിപ്പോർട്ട്

  • 15/02/2021

ലണ്ടൻ: കൊറോണ കാലം വന്നതോടെ പ്രവാസി തൊഴിലാളികളുടെ കൂട്ടപലായനമാണ് ഗൾഫ്‌രാജ്യങ്ങളിൽ ഉണ്ടാകുന്നത്. എണ്ണ ഇതര മേഖലയിലെ ഇടിവും തൊഴിൽ മേഖലയിലെ സ്വകാര്യവത്കരണ നയങ്ങളുമാണ് ഇതിന് കാരണം. എന്നാൽ, ജനസംഖ്യയിലുണ്ടായ കുറവ് ഗൾഫ് അറബ് സമ്പദ് വ്യവസ്ഥയിലെ വൈവിധ്യവത്കരണത്തെ ബാധിക്കുമെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ്സ് റിപ്പോർട്ട്. 

പ്രവാസികൾ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത് ഗൾഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയിലെ വൈവിധ്യവത്കരണത്തിന് ദീർഘകാല വെല്ലുവിളികൾ സൃഷ്ടിക്കും. സ്വദേശികളെ അപേക്ഷിച്ച് വിദേശികളുടെ പങ്കാളിത്തത്തിൽ 2023 ഓടെ കുറവുണ്ടാകും. എണ്ണ ഇതര മേഖലയിലെ ഇടിവും തൊഴിൽ മേഖലയിലെ സ്വകാര്യവത്കരണ നയങ്ങളുമാണ് ഇതിന് കാരണമെന്ന് എസ് ആന്റ് പി ക്രെഡിറ്റ് അനലിസ്റ്റുകൾ പറയുന്നു.

കൊവിഡ് പ്രതിസന്ധിയും എണ്ണവിലയിലുണ്ടായ കുറവു മൂലം ഗൾഫ് രാജ്യങ്ങളിൽ 2020 ലുണ്ടായ പ്രവാസികളുടെ കൂട്ടപ്പലായനം തൊഴിൽ വിപണിയിൽ ദ്രുതഗതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ 2023 വരെ തുടരും. ദേശീയ ജനസംഖ്യയിൽ മാനവവിഭവശേഷി കാര്യമായി വർദ്ധിപ്പിക്കുകയും തൊഴിൽ വിപണിയിൽ പുരോഗതി ഉണ്ടാകുകയും ചെയ്തില്ലെങ്കിൽ ജിസിസി രാജ്യങ്ങളിലെ ഉത്പ്പാദനക്ഷമത, വരുമാനം, സാമ്പത്തിക വൈവിധ്യവത്കരണം എന്നിവ ദീർഘകാലത്തേക്ക് സ്തംഭിക്കുന്ന അവസ്ഥ ഉണ്ടായേക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, ഒമാൻ എന്നിങ്ങനെ ആറ് ജിസിസി രാജ്യങ്ങളും വ്യവസായ മേഖലയിൽ വിദേശ തൊഴിലാളികളെയാണ് കൂടുതലായും ആശ്രയിക്കുന്നത്.

Related News