കൊവിഡ് ഇത്രയും വഷളാക്കിയത് ട്രംപിന്റെ ഭരണപരാജയം; സംവാദത്തിൽ പ്രതികരിച്ച് ബൈഡൻ

  • 23/10/2020

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്  ട്രംപിന്റെ ഭരണപരാജയമാണ് കൊവിഡ് ഇത്രയും വഷളാക്കിയതെന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന്‍. അമേരിക്കൻ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള  അവസാന സംവാദത്തിലാണ് പ്രതികരണം.  നേരത്തെ പല തീരുമാനങ്ങള്‍ എടുത്തിരുന്നെങ്കില്‍ അമേരിക്കയുടെ മരണ സംഖ്യ കുറയ്ക്കാമായിരുന്നു എന്ന് ബൈഡന്‍ പറഞ്ഞു. 

എന്നാല്‍ ഇതിന് മറുപടിയുമായി ട്രംപും രംഗത്തെത്തി. തന്റെ പദ്ധതികള്‍ കൃത്യമായ സമയക്രമത്തില്‍ നീങ്ങുന്നുവെന്ന് ട്രംപ് പറഞ്ഞു. ആഴ്ചകള്‍ക്കുള്ളില്‍ കൊവിഡ് വാക്‌സിന്‍ തയ്യാറാകുമെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെ നവംബര്‍ മൂന്നിനുള്ളില്‍ രാജ്യത്ത എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഡെമോക്രാറ്റുകൾ ഭരിക്കുന്ന ഇടങ്ങളിൽ രോ​ഗവ്യാപനം കൂടുതലാണെന്നും ട്രംപ് ആരോപിച്ചു. 

ചര്‍ച്ചയുടെ ആദ്യ ആര മണിക്കൂര്‍ പിന്നിടുമ്പോള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ സംവാദത്തില്‍ ഉടനീളം നിറഞ്ഞുനിന്നു. ഇന്നത്തെ സംവാദത്തില്‍ ആറ് വിഷയങ്ങളാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ്, അമേരിക്കന്‍ കുടുംബങ്ങള്‍, വംശീയത, കാലാവസ്ഥ വ്യതിയാനം, ദേശീയ സുരക്ഷ നേതൃത്വം എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങളാണ് സംവാദത്തില്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനും തമ്മിലുള്ള അവസാന സംവാദം ആരംഭിച്ചു. ഇന്ത്യന്‍ സമയം രാവിലെ 6.30 നാണ് ആരംഭിച്ചത്. ഓരോ വിഷയത്തിനും 15 മിനിറ്റ് സമയമാണ് അനുവദിക്കുക. എന്‍ബിസി കറസ്‌പോണ്ടന്റ് ക്രിസ്‌റ്റെന്‍ വെല്‍ക്കറാണ് സംവാദം നയിക്കുന്നത്.

സെപ്തംബറില്‍ നടന്ന ആദ്യ സംവാദം വലിയ വാര്‍ത്താ പ്രധാന്യമായിരുന്നു നേടിയത്. സംവാദം തര്‍ക്കത്തിലേക്ക് വഴിമാറിയത് വിവാദമായിരുന്നു. ബൈഡന്‍ സംസാരിക്കുന്നതിനിടയില്‍ 73 തവണയാണ് ട്രംപ് ഇടയ്ക്ക് കയറി സംസാരിച്ചത്.
 ഇതുകൊണ്ട് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന സംവാദത്തില്‍ മ്യൂട്ട് ബട്ടണും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ സംസാരിക്കുമ്പോള്‍ മറ്റേയാള്‍ ഇടയ്ക്കു കയറി സംസാരം തടസ്സപ്പെടുത്തുന്നത് തടയാനാണ് ഇക്കുറി മ്യൂട്ട് ബട്ടൺ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരാള്‍ സംസാരിക്കുമ്പോള്‍ മറ്റേയാളുടെ മൈക്ക് ഓഫാക്കും.  ഒക്ടോബര്‍ 15 നാണ് രണ്ടാമത്തെ ഡിബേറ്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ട്രംപിന് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ ഡിബേറ്റ് നീട്ടി വെക്കുകയായിരുന്നു.

Related News