പോലീസ്‌ ആസ്ഥാനത്തിന്‌ സമീപം സ്ഥലവാസികളിൽ ഭീതി പരത്തി വീണ്ടും അജ്‌ഞാതൻ.

  • 25/04/2020

പോലീസ്‌ ആസ്ഥാനത്തിന്‌ സമീപം സ്ഥലവാസികളിൽ ഭീതി പരത്തി വീണ്ടും അജ്‌ഞാതൻ. വഴുതക്കാട്‌ പോലീസ്‌ ഹെഡ്‌ക്വാർട്ടേസിനു പിന്നിലുള്ള പ്രദേശങ്ങളിലാണ്‌ രാത്രികാലങ്ങളിൽ അജ്‌ഞാതൻ ഭീതി വിതക്കുന്നത്‌. വീടുകളുടെ ജനാലകളിലും വാതിലുകളിലും അടിക്കുക, കല്ലെറിയുക, ഭക്ഷണാവശിഷ്‌ടങ്ങൾ വെന്റിലേഷനുകൾ വഴി ഇടുക, ശുചിമുറികളുടെ വെന്റിലേറ്റർ വഴി നോക്കുക തുടങ്ങിയവയാണ്‌ അജ്‌ഞാതന്റെ സ്ഥിരം പരിപാടികൾ. വഴുതക്കാട്‌ ഉദാരശിരോമണിറോഡ്‌, പാലോട്ടുകോണം റോഡ്‌, നാഗരുകാവ്‌ ക്ഷേത്രറോഡ്‌, വഴുതക്കാട്‌ മോഹൻ റോഡ്‌ എന്നീ മേഖലകളിൽ കഴിഞ്ഞ രണ്ടാഴ്‌ചയിലേറെയായി ഇയാളുടെ ശല്യം ഏറിയിരിക്കുകയാണ്‌. ശബ്ദം കേട്ട്‌ വീട്ടുകാർ ലൈറ്റിടുമ്പോഴേക്കും ഇയാൾ ഓടി മറയും ഉയരമുള്ള മധ്യവയസ്‌കനാണെന്ന്‌ പറയപ്പെടുന്നു. സിസിടിവിയുള്ള സ്ഥലങ്ങൾ ഒഴിവാക്കിയാണ്‌ ഇയാളുടെ സഞ്ചാരം. കഴിഞ്ഞ ദിവസം രാത്രി നാഗരുകാവിന്‌ സമീപത്തെ ഒരു വീടിന്‌ നേരെ രണ്ടു തവണ ഇയാളുടെ അക്രമം ഉണ്ടായി. ഈ പ്രദേശത്തെ ആൾതാമസമില്ലാത്ത വീടുകളുടെ പരിസരങ്ങൾ കേന്ദ്രീകരിച്ചാണ്‌ ഇയാളുടെ നീക്കങ്ങളെന്നും സംശയമുണ്ട്‌. മാസങ്ങൾക്ക്‌ മുമ്പ്‌ ഇയാളുടെ ശല്ല്യം ഉണ്ടായിരുന്നു. റസിഡന്റ്‌ അസോസിയേഷന്റെ പരാതിയെ തുടർന്ന്‌ പോലീസ്‌ പട്രോളിങ്‌ ഏർപ്പെടുത്തിയപ്പോഴാണ്‌ ശല്ല്യം ഇല്ലാതായത്‌. ഈ മേഖലയിലെ ഇടറോഡുകളിലും ഇടവഴികളിലും രാത്രി കാല രാത്രികാല പട്രോളിങ്‌ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌.

Related News