തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തില്‍ സ്തുത്യര്‍ഹമായ സേവനം നടത്തുന്ന സ്‌റ്റേറ്റ് കോവിഡ് കോള്‍ സെന്റര്‍ 100 ദിനങ്ങള്‍ പിന്നിടുകയാണ്. ചൈനയിലെ വുഹാനില്‍ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമിന്റെ ഭാഗമായാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കോള്‍ സെന്റര്‍ സജ്ജമാക്കിയത്. ഇതുവരെ 18,000 ലധികം കോളുകളാണ് സ്വീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചത്. മികച്ച സേവനം നടത്തിയ സംസ്ഥാന കോള്‍ സെന്റര്‍ ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.
രോഗികളുടെ എണ്ണം കൂടിയതനുസരിച്ച് പൊതുജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252, 0471 2309253, 0471 2309254, 0471 2309255 എന്നീ നമ്പരുകള്‍ സജ്ജമാക്കി. കോള്‍സെന്ററില്‍ വരുന്ന കോളുകള്‍ക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങള്‍ നടപടികള്‍ക്കായി വിവിധ ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു.
കോവിഡിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ 45 ഓളം വരുന്ന ജെഎച്ച്‌ഐ വിദ്യാര്‍ത്ഥികള്‍ക്കും നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കി നിയമിച്ചു. ഇപ്പോള്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെയും എന്‍എച്ച്എമ്മിലെയും പബ്ലിക് ഹെല്‍ത്ത് ട്രെയിനിംഗ് സ്‌കൂളിലെയും ജീവനക്കാരേയും ഉള്‍പ്പെടുത്തിയാണ് 24 മണിക്കൂറും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ കോള്‍ സെന്ററുകള്‍ക്കും ദിശയ്ക്കും ദിവസേനയുള്ള റിപ്പോര്‍ട്ട് ലഭിക്കുന്നതിന് ഒരു ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തി. ഈ റിപ്പോര്‍ട്ടിംഗ് സിസ്റ്റത്തില്‍ ഇന്‍കമിംഗ് കോളുകളുടെ എണ്ണം, കോള്‍ വിവരങ്ങള്‍, കോളിന്റെ സ്വഭാവം എന്നിവ അനുസരിച്ച് 15 ആയി തരം തിരിക്കുന്നു.
ഈ റിപ്പോര്‍ട്ടുകളുടെ വിശകലനത്തില്‍ നിന്ന്, ആരംഭ ദിവസങ്ങളില്‍ കോളുകളുടെ സ്വഭാവം രോഗത്തെപ്പറ്റിയും രക്തപരിശോധന, വീട്ടിലെ നിരീക്ഷണം, രോഗ ലക്ഷണങ്ങള്‍ എന്നിവയെക്കുറിച്ചുമായിരുന്നു. പിന്നീട് ടൂര്‍, ഫംഗ്ഷനുകള്‍, മീറ്റിംഗ് എന്നിവയെക്കുറിച്ചും മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രകളെക്കുറിച്ചും സംശയമുണ്ടായിരുന്നു. ഇപ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവരും രാജ്യങ്ങളിലുള്ളവരും സ്വന്തം നാട്ടില്‍ എത്തുന്നതിനെപ്പറ്റിയുള്ള സംശയങ്ങള്‍ ചോദിച്ച് വിളിക്കാറുണ്ട്. പ്രതിദിനം 600ലധികം കോളുകള്‍ വരെ സ്‌റ്റേറ്റ് കോവിഡ് കോള്‍ സെന്ററില്‍ എത്താറുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?