ഇക്കഴിഞ്ഞ രണ്ടാം തീയതി പാലക്കാടു ജില്ലയിലെ കരിങ്കല്‍ അത്താണി ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുകയായിരുന്ന നാട്ടുകല്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ അനില്‍ മാത്യുവിന്‍റെ ഒദ്യോഗിക ഫോണിലേക്കു വന്ന വിളിയാണ് സംഭവത്തിന് ആധാരം. പാമ്പുകടിയേറ്റ എട്ടു വയസ്സുള്ള തന്‍റെ മകനെ രക്ഷിക്കാന്‍ കേഴുന്ന മാതാവാണ് മറുവശത്ത്. ഭര്‍ത്താവ് ദൂരെയാണെന്നും വാടകവീട്ടില്‍ മറ്റാരുമില്ലായെന്നും മകനെ ആശുപത്രിയില്‍ എത്തിക്കാന്‍ എത്രയും പെട്ടെന്ന് വാഹന സൗകര്യം ലഭ്യമാക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം.
വാഹനപരിശോധനയുടെ ചുമതല മറ്റൊരു ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ച ശേഷം അന്‍വര്‍, റഫീഖ്, പ്രശാന്ത് എന്നീ പോലീസുകാരോടൊപ്പം എസ് ഐ സംഭവസ്ഥലത്തേക്ക് തിരിച്ചു. പാലോടുള്ള യുവതിയുടെ വീട്ടിലേക്കുള്ള പോകുന്നവഴി തന്നെ ഫോണില്‍ ബന്ധപ്പെട്ടു കുട്ടിയുമായി വീടിനു പുറത്തേക്കു വരാന്‍ ആവശ്യപ്പെട്ടു. കുട്ടിയുമായി വീടിനു പുറത്തു നിന്ന മാതാവിനെയും സഹായത്തിനായി എത്തിയ അയല്‍വാസിയെയും കയറ്റി ആശുപത്രിയിലേക്ക് പാഞ്ഞു.
എത്രയും പെട്ടെന്ന് മൗലാനാ ആശുപത്രിയില്‍ പോകണമെന്നായിരുന്നു കുട്ടിയുടെ അമ്മയുടെ ആവശ്യം. യാത്രാമധ്യേ പോലീസ് സംഘം മൗലാനാ ആശുപത്രിയിലെ പി ആര്‍ ഒ യും റിട്ടയേര്‍ഡ് എസ് ഐ യുമായ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടു. വിഷചികിത്സക്ക് നല്ലതു മലപ്പുറം ജില്ലയിലെ ഇ എം സ് ആശുപതിയാണെന്നാണ് അദ്ദേഹത്തില്‍ നിന്നും അറിഞ്ഞു. ഇക്കാര്യം കുട്ടിയുടെ മാതാവിനെ അറിയിച്ചെങ്കിലും തന്‍റെ കയ്യില്‍ അത്രയും പൈസ ഇല്ലായെന്നും ആകെയുള്ളത് ആയിരം രൂപയാണെന്നും മാത്രമല്ല താന്‍ മുന്‍പ് നേഴ്സ് ആയി മൗലാനാ ആശുപത്രിയില്‍ ജോലി ചെയ്തിട്ടുണ്ടെന്നും ആ ഇളവില്‍ തനിക്കു അവിടെനിന്നും സഹായം ലഭിക്കുമെന്നുമായിരുന്നു അവരുടെ പ്രതീക്ഷ. ഉടന്‍ തന്നെ എസ്.ഐ അനില്‍മാത്യു കൂടെയുള്ള പൊലീസുകാരനായ റഫീഖില്‍ നിന്നും അഞ്ഞൂറ് രൂപയും തന്‍റെ കൈയ്യില്‍ നിന്നും ആയിരം രൂപയും ശേഖരിച്ചു കുട്ടിയുടെ അമ്മയെ ഏല്‍പ്പിച്ചു. കൂടാതെ പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള അതിര്‍ത്തി ജില്ലയായ മലപ്പുറത്തെ പെരിന്തല്‍മണ്ണയിലുള്ള ഇ എം എസ് മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചശേഷം പോലീസ് സംഘം തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങി.
സംഭവം കഴിഞ്ഞു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എസ് ഐ അനില്‍ മാത്യുവിന്‍റെ ഫോണിലേക്കു ഒരു വിളി വന്നു. പാമ്പുകടിയേറ്റു ഇ എം എസ് ആശുപത്രയില്‍ ചികിത്സയിലുള്ള കുട്ടിയുടെ പിതാവാണെന്നും മകനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപതി അധികൃതര്‍ അറിയിച്ചെന്നും പറഞ്ഞു. ബില്‍ തുകയായി ഏകദേശം മുപ്പത്തിനായിരത്തോളോം രൂപയാകുമെന്നും തന്‍റെ കയ്യില്‍ ഇരുപതിനായിരം രൂപ മാത്രമേ ഉള്ളൂ വെന്നും ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു ബില്‍ തുക കുറയ്ക്കുന്നതിന് സഹായിക്കണമെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ഒട്ടുംതാസമിക്കാതെ സ്റ്റേഷനിലെ സഹപ്രവര്‍ത്തകരോട് വിവരമറിയച്ച് എല്ലാവരുടേയും സഹായത്തോടെ പതിനായിരത്തോളം രൂപ സ്വരൂപിച്ച് എസ്.ഐ യുടെ സുഹൃത്ത് വഴി ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലേക്ക് പോയ സുഹൃത്ത് തിരികെ വന്നത് രോഗ മുക്തി നേടിയ കുട്ടിയും മാതാപിതാക്കളുമായാണ്. തങ്ങളെ ആപത് ഘട്ടത്തില്‍ സഹായിച്ച എസ് ഐയെ നേരിട്ട് കണ്ടു നന്ദി അറിയിക്കുന്നതിനും ബില്‍ തുക കഴിഞ്ഞുള്ള പണം തിരികെ എസ്.ഐയ്ക്ക് മടക്കിനല്‍കാനുമാണ് ആ കുടുബം സ്റ്റേഷനിലെത്തിയത്. നിറഞ്ഞചിരിയോടെ നാട്ടുകാല്‍ പോലീസ് ആ കുടുംബത്തെ സ്വീകരിച്ചു.
വനം വകുപ്പില്‍ നിന്നു പാമ്പ് കടിയേല്‍ക്കുന്നവര്‍ക്കു ലഭിക്കുന്ന സഹായധനത്തിന്‍റെ വിശദാംശങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അടുത്തുള്ള അക്ഷയ കേന്ദ്രം വഴി അപേക്ഷ സമര്‍പ്പിക്കുന്നതിന് വേണ്ട സൗകര്യം ലഭ്യമാക്കിയുമാണ് പോലീസുകാര്‍ ആ നിര്‍ധന കുടുംബത്തെ യാത്രയാക്കിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?