കോവിഡ് 19.. ഭീതി ജനിപ്പിക്കുന്ന രീതിയിൽ പടരുന്നു. വിവിധ രാജ്യങ്ങളിൽ 7000 ത്തിൽ ഏറെ ആളുകൾ ഗുരുതരാവസ്ഥയിൽ. ഡോക്ടർ ജിനേഷിന്റെ കുറിപ്പ്

  • 05/03/2020

ചൈനയ്ക്ക് പുറമേ ഒരു രാജ്യത്ത് കൂടി നൂറിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഇറ്റലിയിൽ, 107 മരണങ്ങൾ…

ഇറ്റലിയിൽ 3087 കേസുകളിൽ നിന്ന് 107 മരണങ്ങൾ,

ഇറാനിൽ 2922 കേസുകളിൽനിന്ന് 92 മരണങ്ങൾ,

തെക്കൻ കൊറിയയിൽ 5621 കേസുകളിൽനിന്ന് 35 മരണങ്ങൾ,

ചൈനയിൽ ഇതുവരെ 80270 കേസുകളിൽ നിന്നും 2981 മരണങ്ങൾ

ചൈനയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് ഡിസംബർ അവസാനം അല്ലെങ്കിൽ ജനുവരി ആദ്യം എപ്പോഴോ…

ജനുവരി 21ന് ചൈനയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 31

ജനുവരി 25ന് ചൈനയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 688

ജനുവരി 31ന് ചൈനയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 2102

ഫെബ്രുവരി അഞ്ചിന് ചൈനയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 3694

എന്നാൽ ഇപ്പോൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ കേസുകളുടെ എണ്ണത്തിൽ കുറവ് വരുന്നു. ചൈനയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 160 ആണ് എന്ന് കരുതുന്നു. ഈ വിവരം കൃത്യമാണോ എന്ന് ഉറപ്പില്ല. കണക്കുകൾ സ്ഥിരീകരിക്കേണ്ടതുണ്ട്.

എന്നാൽ ഇന്നലെ ഇറ്റലിയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 587

ഇന്നലെ ഒരു ദിവസം ഇറാനിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 586

ഇന്നലെ തെക്കൻ കൊറിയയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 435

ആകെ ഏഴായിരത്തിലധികം ആൾക്കാർ ഇപ്പോഴും ക്രിട്ടിക്കൽ/സീരിയസ് ആണ്.

ഇതുവരെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 48,000 കടന്നു.

ഇതൊക്കെയാണ് നമുക്ക് ലഭിച്ചിരിക്കുന്ന ഏകദേശ കണക്ക്. ഓരോ മണിക്കൂറിലും അപ്ഡേറ്റ് ചെയ്യപ്പെടുന്ന വിവരങ്ങൾ ആയതിനാൽ കണക്കുകളിൽ ചെറിയ തെറ്റുകൾ വന്നെന്നിരിക്കാം.

രണ്ടു മുതൽ 14 ദിവസം വരെ ഇൻകുബേഷൻ പീരിയഡ് എന്ന് കണക്കാക്കുക. അതായത് ഓരോ സൈക്കിളും ആവർത്തിക്കാൻ 14 ദിവസം വരെ എടുക്കാം എന്ന് ചുരുക്കം. അങ്ങനെ രണ്ടോ മൂന്നോ 14 ദിവസങ്ങൾ എടുക്കുമ്പോൾ കേസുകൾ ആയിരങ്ങളിലക്ക് എത്തും. 3.4% മരണനിരക്ക് വെച്ച് മരണങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന് കരുതൂ.

കഴിഞ്ഞദിവസം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇരുപതിൽ പരം കേസുകൾ ഇല്ലേ ? അവരിൽനിന്ന് എത്രപേർക്ക് പകർന്നിട്ടുണ്ട് എന്ന് അറിയണമെങ്കിൽ 14 ദിവസം കാത്തിരിക്കണം എന്ന് ചുരുക്കം. ആർക്കും പകർന്നിട്ടില്ലെങ്കിൽ സന്തോഷം. പകർന്നാൽ എവിടെ എങ്ങനെ എത്ര എന്നതൊക്കെ വിഷയമാകും. ഉദാഹരണമായി സ്കൂളുകളിൽ എവിടെയെങ്കിലും പകർന്നാൽ അതീവഗുരുതരം ആകും സാഹചര്യം.

അതുകൊണ്ട് നമ്മൾ ചെയ്യേണ്ട ഒന്നാണ്. ഒരാൾക്ക് പോലും അസുഖം ലഭിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൊറോണ ബാധയുള്ള സ്ഥലത്തുനിന്ന് വന്നവർ നിർബന്ധമായും ക്വാറന്റൈൻ സ്വീകരിക്കുക.

ഇത് മാർച്ച് മാസം ആയി. ഏപ്രിൽ മെയ് മാസങ്ങളിൽ നമുക്ക് മറ്റു ചില കടമകൾ കൂടിയുണ്ട്. ജൂൺ-ജൂലൈ മാസത്തിൽ കാല വർഷം ആരംഭിക്കാൻ സാധ്യതയില്ലേ ? എലിപ്പനി-ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട കാലമാണ് മധ്യവേനലവധി. ശക്തമായ വേനൽമഴ ഉണ്ടായാൽ അതും അസുഖങ്ങൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കാൻ സാധ്യതയുണ്ട്.

ഇതിനൊക്കെ ആരോഗ്യ വകുപ്പും തദ്ദേശ ഭരണ സ്ഥാപനങ്ങളും സർക്കാരും പരിശ്രമിക്കേണ്ട മാസങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

അതുകൊണ്ട് കൊറോണ ബാധയുള്ള സ്ഥലങ്ങൾ സന്ദർശിച്ചവർ സ്വയം സർക്കാരിനെ അറിയിക്കാൻ തയ്യാറാവുക. അങ്ങനെ ചെയ്യാത്ത സാഹചര്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ പല സ്ഥലത്തും ഉണ്ടായതായി സുഹൃത്തുക്കൾ പറഞ്ഞിരുന്നു. ചിലരൊക്കെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞ്, അവരെക്കൊണ്ട് യാത്ര കഴിഞ്ഞു വന്നവരെ കോൺടാക്ട് ചെയ്യിപ്പിച്ചു. അങ്ങനെ ഒരു സാഹചര്യം ഒഴിവാക്കാൻ പരമാവധി ശ്രമിക്കണം. നമുക്ക് പരിമിതമായ റിസോഴ്സസ് മാത്രമേയുള്ളൂ. അത് ശരിയായ രീതിയിൽ വിനിയോഗിക്കപ്പെടാൻ അനുവദിക്കുക എന്നത് ഉത്തരവാദിത്തപ്പെട്ട മനുഷ്യൻറെ കടമയാണ്. ആ ഉത്തരവാദിത്വം സമൂഹം കാണിക്കണം.

Related News