ഹൈപ്പർ ടെൻഷന് ചികിത്സ തേടിയവർ ഡോളോ വാങ്ങി.റാന്നി സ്വദേശികളുടെ വാദം തള്ളി കളക്ടർ പി ബി നൂഹ്.

  • 09/03/2020

രോഗ സാധ്യതയും ലക്ഷണങ്ങളും ആരോഗ്യപ്രവർത്തകരെ അറിയിച്ചിരുന്നു എന്ന റാന്നി സ്വദേശികളുടെ അവകാശവാദം തള്ളി പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ്. കൊച്ചി വിമാനത്താവളത്തിൽ 29-ാം തീയതിയാണ് കുടുംബം എത്തിയത്. കൊറോണ രോഗ ലക്ഷണങ്ങളുമായി ബന്ധുക്കൾ ചികിത്സ തേടിയപ്പോൾ മാത്രമാണ് സംഭവം പുറംലോകമറിഞ്ഞത്. ആരോഗ്യപ്രവർത്തകരെയോ ജില്ലാ ഭരണകൂടത്തേയോ യാത്രാ വിവരം പോലും കുടുംബം അറിയിച്ചിരുന്നില്ലെന്നും കളക്ടർ പറഞ്ഞു.റാന്നി സ്വദേശികളുമായി ഇടപഴകിയ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ആരോഗ്യ വിഭാഗത്തിന് നൽകിയ വിവരങ്ങൾ സംശയത്തിനിടയാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ കൊറോണ സ്ഥിരീകരിച്ച റാന്നി സ്വദേശിയുമായി ഫോണിൽ ബന്ധപ്പെട്ടു. സമീപത്തെ മാർത്തോമാ ഹോസ്പിറ്റലിൽ ഹൈപ്പർ ടെൻഷന് മരുന്ന് വാങ്ങാൻ പോയി എന്ന കാര്യം അവർ സമ്മതിച്ചു. കൂടുതൽ ചോദിക്കുന്നതിന് മുൻപ് ഫോൺ ബന്ധം വിച്ഛേദിച്ചു.തുടർന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. ഹൈപ്പർ ടെൻഷനുള്ള മരുന്നിനൊപ്പം ഡോളോ വാങ്ങിയ വിവരം ലഭിച്ചു. മെഡിക്കൽ ഓഫീസർ കുടുംബത്തെ ഫോണിൽ ബന്ധപ്പെടുകയും ഇക്കാര്യം ചോദിക്കുകയും ചെയ്തു. തനിക്ക് തൊണ്ട വേദനയുണ്ടെന്നും അമ്മയ്ക്ക് പനിയും മറ്റുമുണ്ടെന്നായിരുന്നു മകന്റെ മറുപടി. അപ്പോൾ മാത്രമാണ് ആരോഗ്യ വകുപ്പിന് വിവരം ലഭിച്ചതെന്നും കളക്ടർ വ്യക്തമാക്കി.
സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ പോയെന്ന് പറയുന്ന ആ കാര്യം മാത്രമാണ് കുടുംബം പറയുന്നതിലെ വസ്തുതയെന്നും ജില്ലാ കളക്ടർ വിശദീകരിച്ചു.

Related News