കൊറോണ.പ്രായമായ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

  • 09/03/2020

ജില്ലയില്‍ നിന്നുള്ള 10 പേരാണ് നിലവില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ഇവരില്‍ പ്രായമായ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പ്രായമായവര്‍ക്ക് കൊറോണ കാര്യമായി ബാധിക്കാന്‍ ഇടയുള്ളത് കണക്കിലെടുത്താണു നടപടി.

കൊറോണ ബാധിതരുമായി അടുത്ത് ഇടപെട്ട മുഴുവന്‍ ആളുകളേയും കണ്ടെത്താനുള്ള ശ്രമം ഇന്ന് (മാര്‍ച്ച് 9) വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. നേരിട്ട് ബന്ധപ്പെട്ട 150 പേരെയും അല്ലാതെയുള്ള 164 പേരെയുമാണു തിരിച്ചറിഞ്ഞിട്ടുള്ളത്. ഈ ലിസ്റ്റ് അപൂര്‍ണ്ണമാണ്. മുഴുവന്‍ പേരെയും കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

രോഗം സ്ഥിരീകരിച്ച മൂന്നുപേരും സഞ്ചരിച്ചിട്ടുള്ള മുഴുവന്‍ സ്ഥലങ്ങളിലേയും ആളുകളെ കണ്ടെത്തുന്നതിനായി ആറു സംഘങ്ങളായി തിരിഞ്ഞാണ് ഇന്ന്(9)മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുന്നത്. ഫെബ്രുവരി 29 മുതല്‍ ഇവര്‍ ജില്ലയില്‍ സഞ്ചരിച്ചിട്ടുള്ള എല്ലാ സ്ഥലങ്ങളും മെഡിക്കല്‍ സംഘം സന്ദര്‍ശിച്ച് കൂടുതല്‍ ആളുകളെ കണ്ടെത്താനുള്ള ശ്രമമാണു നടക്കുന്നത്.

ആദ്യത്തെ വിഭാഗത്തില്‍പ്പെട്ട 150 പേരില്‍ 58 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരെ മെഡിക്കല്‍ വിഭാഗം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ക്ക് നിലവില്‍ സംശയിക്കത്ത ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. എല്ലാവരും വീടുകളില്‍ തന്നെയാണു കഴിയുന്നത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നതായിരിക്കും.

കോവിഡ് 19 രോഗം നിലവിലെ സ്ഥിതിയില്‍ നിയന്ത്രണ വിധേയമാണെങ്കിലും മുന്‍കരുതലെന്നനിലയില്‍ റാന്നിയിലും പന്തളത്തും ഓരോ ആശുപത്രികളില്‍കൂടി ഐസൊലേഷന്‍ വാര്‍ഡ് തുറക്കുന്നതിന് പരിശോധന നടത്തും. നിര്‍മ്മാണത്തിലിരിക്കുന്ന റാന്നി അയ്യപ്പ ആശുപത്രിയിലും പന്തളം അര്‍ച്ചന ആശുപത്രിയിലുമാണ് ഐസൊലേഷന്‍ വാര്‍ഡ് തുറക്കുന്നതിന് ആലോചിക്കുന്നത്.

രോഗ ലക്ഷണമുള്ളവര്‍ യഥാസമയം ആരോഗ്യവകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും അറിയിക്കണം. പൊതുജനങ്ങള്‍ ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ മുന്‍കരുതലും സ്വീകരിക്കണം. മുന്‍കരുതലായി ധരിക്കുന്ന മാസ്‌ക്കിന്റെ ദൗര്‍ലഭ്യം നീക്കാന്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ച് നടപടി സ്വീകരിച്ചിട്ടുണ്ട്.

Related News