ചുറ്റുമുള്ളവരിലേക്കു സ്വന്തം ഊര്‍ജം പകര്‍ന്നു നല്‍കി സ്വയം ഒരു വിളക്കായി മാറാന്‍ ശ്രമിച്ച മനുഷ്യത്വത്തിന്റെ ദീപ്തമായ പ്രതീകമാണ് എന്‍.വിജയന്‍ പിള്ള. സമര്‍പ്പിത മനസ്കനായ പൊതുപ്രവര്‍ത്തകന്‍, സ്‌നേഹസമ്പന്നനായ സുഹൃത്ത്, ശ്രദ്ധേയനായ നിയമസഭാ സാമാജികന്‍, സ്ഥിരോത്സാഹിയായ വ്യവസായി എന്നി ങ്ങനെ വിവിധതലങ്ങളുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.
അസുഖമായി ആശുപത്രിയിലായിരുന്നു എങ്കില്‍ പോലും അകാലത്തിലുള്ളതും അപ്രതീക്ഷിതവുമാണ് അദ്ദേഹത്തിന്റെ വേര്‍പാട്. ആധുനിക വൈദ്യശാസ്ത്രം ഏറെ പുരാഗമിക്കുകയും ആയുര്‍ദൈര്‍ഘ്യം പൊതുവില്‍ ഉയരുകയും ചെയ്ത ഇക്കാലത്ത് 69 എന്നത് വലിയ ഒരു പ്രായമൊന്നുമല്ല. അതുകൊണ്ടാണ് അകാലത്തില്‍ എന്ന് എടുത്തു പറയുന്നത്. സ്വന്തം ആരോഗ്യനില പോലും മറന്ന് പൊതുപ്രവര്‍ത്തന രംഗത്തു വ്യാപരിക്കുന്നതായിരുന്നു വിജയന്‍പിള്ള യുടെ രീതി.
ഏറ്റവുമൊടുവിലെ ആശുപത്രി പ്രവേശം പോലും പലതവണ മാറ്റി വെച്ച ശേഷമായിരുന്നു . മാറ്റി വെച്ചത് ഏതെങ്കിലും സ്വകാര്യ ആവശ്യം മുന്‍നിര്‍ത്തിയായിരുന്നില്ല. തന്റെ നാട്ടിലെ ഒരു ആരോഗ്യ കേന്ദത്തിന്റെ പണി പൂര്‍ത്തിയാക്കണം. അതു നാടിനു സമര്‍പ്പിക്കണം. താന്‍ ആശുപത്രിയി ലായിപ്പോയാല്‍ ആ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചാലോ? ഇങ്ങനെയാണ് അദ്ദേഹം ചിന്തിച്ചത്. അങ്ങനെ ചിന്തിച്ചപ്പോള്‍ മാറ്റിവെക്കാവുന്നതു തന്റെ കാര്യം തന്നെയാണെന്ന് അദ്ദേഹം കരുതി. ഇതിലുണ്ട് അദ്ദേഹത്തിന്റെ സമര്‍പ്പണബോധം. പാവപ്പെട്ടവര്‍ക്ക് ഉതകുന്ന ഒരു കാര്യവും മാറ്റിവെച്ചു കൂട എന്ന കാര്യത്തില്‍ അദ്ദേഹ ത്തിനു നിര്‍ബന്ധമുണ്ടായിരുന്നു.
ഈ സ്‌നേഹവും കരുതലുമാണ് വിജയന്‍ പിള്ളയെ ജനങ്ങള്‍ക്കു പ്രിയങ്കരനാക്കിയത്. ആ സ്വീകാര്യത കൊണ്ടാണ് ദീര്‍ഘകാലം അദ്ദേഹം തുടര്‍ച്ചയായി ചവറ പഞ്ചായത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചവറയില്‍ ശ്രദ്ധേയമാംവിധം വിജയിച്ചത്.
ശ്രദ്ധേയം എന്നു മാത്രം വിശേഷിപ്പിച്ചാല്‍ പോര ആ വിജയത്തെ. ചവറ മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രത്തെത്തന്നെ മാറ്റിയെഴുതിയ വിജയമായിരുന്നു അത്. ചവറ നിയോജക മണ്ഡലം രൂപപ്പെട്ടതു മുതല്‍ക്കന്നോളം ആര്‍.എസ്.പി. ഇതര സ്ഥാനാര്‍ത്ഥി അവിടെ ജയിച്ചിരുന്നില്ല. ആ മണ്ഡലത്തില്‍ ജയിച്ചു എന്നതു വളരെ പ്രധാനമാണ്. രാഷ്ട്രീയമാറ്റം കുറിക്കുന്ന ആ ജയം നേടാന്‍ വിജയന്‍ പിള്ളയ്ക്കു സാധിച്ചത് ഇടതുപക്ഷ രാഷ്ടീയത്തിന്റെയും വിജയന്‍ പിള്ളയുടെ സ്‌നേഹാധിഷ്ഠിതമായ സ്വീകാര്യതയുടെയും സംയുക്ത ബലം കൊണ്ടാണ്.
എനിക്ക് വിജയന്‍ പിള്ളയുമായി അടുത്ത് ഇടപഴകാനുള്ള അവസരമുണ്ടായിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തില്‍ ശ്രദ്ധിച്ച രണ്ടു കാര്യങ്ങളുണ്ട്. ഒന്നാമത്തേത് ഒന്നിലും പരാതിയോ പരിഭവമോ ഇല്ലാത്ത അദ്ദേഹത്തിന്റെ നിറഞ്ഞ സംതൃപ്തിയാണ്. ഇന്ന് പൊതുപ്രവര്‍ത്തകരില്‍ അധികമായി കാണാത്ത ഒന്നാണ് ഈ സംതൃപ്തി. അധിക മോഹങ്ങളില്ലാത്ത മാനസികാവസ്ഥയില്‍ നിന്നേ ഈ സംതൃപ്തി വരൂ . ഇത് പൊതു പ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ട ഒരു ഗുണമാണ്. മറ്റൊന്ന് അദ്ദേഹത്തിന്റെ ഉയര്‍ന്ന അച്ചടക്ക ബോധമാണ്. ഈ അച്ചടക്ക ഗുണവിശേഷവും മാതൃകാപരമാണ് .
ഭരണപക്ഷത്തായിരുന്നല്ലോ വിജയന്‍ പിള്ള . അതിന്റെ പരിമിതികള്‍ ഉള്‍ക്കൊണ്ടു തന്നെ ശ്രദ്ധേയനായ സാമാജികനായി അദ്ദേഹം ഉയര്‍ന്നുനിന്നു. തന്റെ മണ്ഡല ത്തിലെ ജനങ്ങളുടെ ആവശ്യങ്ങളുമായി എന്റെ ഓഫീസില്‍ ഇടയ്ക്കിടെ പുഞ്ചിരി യോടെ കടന്നുവന്നിരുന്ന അദ്ദേഹത്തിന്റെ മുഖം മറക്കുക വയ്യ. അസുഖബാധിതനായ ശേഷവും പുഞ്ചിരിയോടെയുള്ള ആ വരവ് തുടര്‍ന്നു. വിശ്രമം എന്നൊന്ന് അദ്ദേഹത്തിന്റെ നിഘണ്ടുവില്‍ ഉണ്ടായിരുന്നില്ല. രോഗം പോലും പൊതു പ്രവര്‍ത്തനത്തില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നുണ്ടായിരുന്നില്ല.
രാഷ്ട്രീയത്തില്‍ പഞ്ചായത്തുതലം തൊട്ടു നിയമസഭാ തലം വരെ ജനകീയ പ്രശ്‌നങ്ങള്‍ പ്രതിഫലിപ്പിച്ചു. പരിചയത്തില്‍ വന്ന എല്ലാവരെക്കുറിച്ചും കരുതല്‍ പുലര്‍ത്തി. ചവറയുടെ ചരിത്രത്തിന്റെ ഭാഗമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. കന്നി മത്സരത്തില്‍ തന്നെ ജയിച്ചതും ചവറയുടെ രാഷ്ടീയത്തിനു പുതിയ ചാലുകുറിച്ചതുമൊക്കെ ജനമനസ്സുകളില്‍ അദ്ദേഹത്തിനുള്ള സ്ഥാനത്തെ അടയാളപ്പെടുത്തുന്നു. വ്യവസായ രംഗത്ത് അദ്ദേഹം വ്യാപരിച്ചു. അതും നാടിനും നാട്ടുകാര്‍ക്കും ഗുണകരമാം വിധത്തിലായി. ജീവകാരുണ്യരംഗം മുതല്‍ വിദ്യാഭ്യാസരംഗം വരെയുണ്ട് ആ നിരയില്‍.
മനുഷ്യ സ്‌നേഹപ്രചോദിതമായ എല്ലാ കാര്യങ്ങളിലും മുന്‍നിന്നു പ്രവര്‍ത്തിച്ചു. തുടക്കം ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയിലൂടെയായിരുന്നു. ഒടുക്കവും ചെങ്കൊടി പുതച്ചു കൊണ്ടായി എന്നത് ശ്രദ്ധേയമാണ്.
വിവിധ രാഷ്ട്രീയ പാര്‍ടികളില്‍ ഉണ്ടായി രുന്നു.എന്നാല്‍ എന്നും ഇടതുപക്ഷത്തോടൊപ്പമായിരുന്നു ആ മനസ്സ്. അതുകൊണ്ടു തന്നെയാവണം ഒടുവില്‍ കമ്യൂണിസ്റ്റു പാര്‍ടിയില്‍, സി പി ഐ എമ്മില്‍ തന്നെ എത്തിയത്.
അങ്ങേയറ്റം ലളിതവും സുതാര്യവുമായിരുന്നു ആ വ്യക്തിത്യം - കാപട്യലേശമില്ലാതെ എന്നും സാധാരണക്കാരിലൊരാളായി ജീവിച്ചു. അച്ഛന്റെ പൊതു പ്രവര്‍ത്തന രീതി പിന്തുടര്‍ന്ന് ജനമനസുകളില്‍ സ്ഥാനം പിടിച്ചു.
എന്‍. വിജയന്‍ പിള്ളയുടെ നിര്യാണം ഇടതുപക്ഷത്തിനു പൊതുവിലും സി.പി.എമ്മിനു പ്രത്യേകിച്ചും വലിയ നഷ്ടമാണ് - വിശാലമായ മത നിരപേക്ഷ ഐക്യം കാലം തന്നെ ആവശ്യപ്പെടുന്ന ഒരു ഘട്ടത്തില്‍ അങ്ങയറ്റം മതനിരപേക്ഷവും ജാതി നിരപേക്ഷവുമായ പൊതുമണ്ഡലത്തെ ശക്തിപ്പെടുത്തിപ്പോരുകയായിരുന്നു വിജയന്‍ പിള്ള - അനുകരണീയമായ മാതൃകയാണ് ഇതും. കേരള പുനര്‍നിര്‍മാണ പദ്ധതിയു മായും നവകേരള കര്‍മ്മപദ്ധതിയുമായൊക്കെ ഊര്‍ജസ്വലമാംവിധം സഹകരിച്ചു മുന്നാട്ടു പോവുമ്പോഴാണ് അദ്ദേഹം വിട പറഞ്ഞത്. അദ്ദേഹത്തിന്റെ സംരംഭങ്ങള്‍ നമുക്കു കൂട്ടായി മുമ്പോട്ടു കൊണ്ടുപോവാന്‍ കഴിയണം. ആ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?