വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ്

  • 18/04/2020

കുവൈത്ത് സിറ്റി : രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാ ദൗത്യത്തിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ് വിമാനത്താവളത്തിൽ പര്യടനം നടത്തി. ഞായറാഴ്ച മുതല്‍ വിവിധ രാജ്യങ്ങളിലായി കുടുങ്ങിപ്പോയ നാല്‍പ്പത്തിനായിരത്തോളം പൗരന്‍മാരെയാണ് 188 വിമാനങ്ങളിലായി കുവൈത്തിലേക്ക് കൊണ്ടുവരുന്നത്. വിവിധ വകുപ്പുകള്‍ ഏകോപിച്ച് നടത്തുന്ന തയ്യാറെടുപ്പുകളില്‍ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. ആരോഗ്യ മന്ത്രി ഡോ: ബേസിൽ അൽ സബയും ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു.

രാജ്യ പൗരന്മാരുടെ ഐക്യദാർഡ്യവും സഹകരണവും വലിയ ദൗത്യത്തിന് ആവശ്യമാണെന്നും ഒരു അലംഭാവത്തിനും ഇടം നല്‍കരുതെന്നും ഡോ: ബേസിൽ അൽ സബ അഭ്യര്‍ഥിച്ചു. കുവൈറ്റ് എയർവേയ്‌സ്, അൽ ജസീറ എയർവേയ്‌സ്, ഖത്തർ എയർവേയ്‌സ് എന്നീ വിമാന കമ്പിനികളുമായി സഹകരിച്ചാണ് പൗരന്മാരെ വിദേശത്ത് നിന്നും തിരികെയെത്തിക്കുന്നത്. ഏപ്രിൽ 16 തുടങ്ങുന്ന രക്ഷാദൗത്യം 25 ന് അവസാനിക്കും. കുവൈത്തികളെ തിരികെയെത്തുന്നതിന്റെ ഭാഗമായി നിരവധി സജ്ജീകരണങ്ങളാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

Related News