അബ്ബാസിയയിലെ മലിനജലം പ്രശ്നം പരിഹരിക്കണമെന്ന് ജലീബ് നിവാസികൾ

  • 18/04/2020

കുവൈത്ത് സിറ്റി: അബ്ബാസിയയിലെ റോഡിൽ മലിനജലം ഒഴുകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും പൊതുമരാമത്ത് വകുപ്പ് ഇടപെടണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടര്‍ന്ന് മേഖലയിലെ സാഹചര്യങ്ങൾ ദുരിത പൂർണമായിരിക്കുകയാണ്. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മാലിന്യ വെള്ളം ഒഴുകുന്നത് പാരിസ്ഥിതികവും കടുത്ത ആരോഗ്യ പ്രതിസന്ധിക്കും കാരണമാകുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയ ഉൾപ്പെടെയുള്ള ജലീബ് ഷുയൂഖ് മേഖലയിൽ മിക്ക റോഡുകളും മലിനജലം ഒഴുകുന്ന അവസ്ഥയിലാണ്. ഓവുചാൽ സംവിധാനം തകർന്ന് ഇല്ലാതായതിനെ തുടർന്ന് മലിനജലം ഒഴുകുന്ന റോഡിലൂടെ വാഹനമോടിക്കുന്നതും കാൽനട യാത്രയും ദുരിതപൂർണമാണ്. തൊഴിലാളികൾക്കായി കമ്പനികൾ അനുവദിച്ചിട്ടുള്ള താമസ സൗകര്യം ദുരിതപൂർണമാണെന്നും പകര്‍ച്ചവ്യാധികള്‍ക്ക് ഏറ്റവും അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും പലരും പരാതിപ്പെട്ടു. കൊറോണ മഹാമാരിയുടെ സാഹചര്യത്തില്‍ പൊതുമരാമത്ത് വകുപ്പും തൊഴിൽ മന്ത്രാലയവും അടിയന്തിരമായി ഇടപടണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Related News