കൊറോണ: ഹോസ്പിറ്റലുകളിലും ഐസൊലേഷൻ വാർഡുകളിലും വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് വൈദ്യുതി മന്ത്രി.

  • 11/03/2020

കൊറോണ ബാധിതരെ ചികില്സിക്കുന്ന ഹോസ്പിറ്റലുകളിലും/ ഐസൊലേഷൻ വാർഡുകളിലും വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ബഹു. വൈദ്യുതി മന്ത്രി ശ്രീ എം എം മണി നിർദ്ദേശിച്ചു. വൈദ്യുതി ബോര്ഡിലെ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രിയുടെ ഈ നിർദ്ദേശം. ഐസൊലേഷൻ വാർഡായി മാറ്റുന്ന കെട്ടിടങ്ങളിൽ വൈദ്യുത ബന്ധം ഇല്ലായെങ്കിൽ മറ്റു നടപടിക്രമങ്ങൾ കൂടാതെ തന്നെ ഉടൻ വൈദ്യുതി കണക്ഷൻ നൽകാനും തീരുമാനിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ഫീൽഡ് ജീവനക്കാർക്ക് ഗ്ലൗസുകൾ, മാസ്കുകൾ, സാനിറ്റൈസറുകൾ എന്നിവ വിതരണം ചെയ്യും. കൂടാതെ, കൊറോണയെ പ്രതിരോധിക്കാനുള്ള അവബോധക്‌ളാസ്സുകൾ ജീവനക്കാർക്കായി സംഘടിപ്പിക്കും. ബയോമെട്രിക് പഞ്ചിങ് സംവിധാനം താൽക്കാലികമായി നിറുത്തി വെച്ചു. വൈദ്യുതിബോർഡിൻറെ എല്ലാ ഓഫീസുകളിലും കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ വിശദീകരിക്കുന്ന ബോർഡുകൾ സ്ഥാപിക്കും. വൈദ്യുതി ഉപഭോക്താക്കൾ കഴിവതും വൈദ്യുതി ബോർഡിൻറെ ഓഫീസുകൾ സന്ദര്ശിക്കാതെ, എല്ലാ സേവനങ്ങൾക്കും ഓൺലൈൻ സെർവിസിനെ ആശ്രയിക്കേണ്ടതാണ്. ബോർഡിൻറെ വിവിധ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാണ്. വൈദ്യുതി സംബന്ധമായ അന്വേഷണങ്ങൾ/പരാതികൾ, 1912 എന്ന നമ്പറിലൂടെയും, വൈദ്യുതി ലൈൻ പൊട്ടിവീണതുമായി ബന്ധപ്പെട്ട കാര്യങ്ങൾ 9496010101 എന്ന നമ്പറിലൂടെയും കെ എസ് ഇ ബി യെ അറിയിക്കാവുന്നതാണ്.
കൊറോണ രോഗ പ്രതിരോധത്തിനായി സർക്കാർ സ്വീകരിക്കുന്ന എല്ലാപ്രവർത്തനങ്ങളുമായി കെ എസ് ഇ ബി സഹകരിക്കുന്നതാണ്.

Related News