തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയതിനെതിരെ പാർലമെന്റ് അംഗങ്ങള്‍ രംഗത്ത്

  • 05/05/2020

കുവൈറ്റ് സിറ്റി : സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം വെട്ടി കുറക്കാൻ തൊഴിലുടമയെ അനുവദിക്കുന്ന തൊഴിൽനിയമ ഭേദഗതിക്കെതിരെ പാർലമെന്റ് അംഗങ്ങള്‍ ശക്തമായി രംഗത്ത് . കോവിഡ് ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ ഒട്ടുമിക്ക വാണിജ്യ-വ്യാപാര സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. രാജ്യത്തെ മിക്ക സംരംഭകരും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ചെലവുചുരുക്കലിന്‍റെ ഭാഗമായി കമ്പിനികള്‍ക്ക് ശമ്പളം കുറക്കാൻ സര്‍ക്കാര്‍ അനുമതി നൽകിയത്. അതിനിടെ ജീവനക്കാരുടെ ശമ്പളം കുറയ്ക്കുന്നതിനുള്ള സ്വകാര്യ തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയത് പാർലമെന്റ് അംഗങ്ങളുടെ വ്യാപകമായ എതിർപ്പിനെയാണ് നേരിടുന്നത്. പരസ്പര ഉടമ്പടിയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടമായി മന്ത്രാലയം നിശ്ചയിച്ച കാലയളവിൽ തൊഴിലാളികൾക്ക് കുറഞ്ഞ വേതനത്തോടെ പ്രത്യേക അവധി നൽകുവാനും അല്ലെങ്കിൽ മിനിമം വേതനത്തേക്കാൾ കുറവോ വേതനമോ ഇല്ലാതെ വേതനം കുറയ്ക്കാനും , സാമ്പത്തിക പ്രതിസന്ധിയായി മന്ത്രാലയം വ്യക്തമാക്കിയ കാലയളവിനുള്ളിൽ ജീവനക്കാർക്ക് അവരുടെ എല്ലാ കുടിശ്ശികയും നൽകി തൊഴിലുടമയുടെ ചെലവിൽ അവരുടെ രാജ്യത്തേക്ക് മടക്കി നൽകുവാനും അസാധാരണമായ സാഹചര്യങ്ങളിൽ രാജ്യത്തെ കമ്പിനികള്‍ക്ക് നിലവിലെ നിയമം അനുവാദം നല്‍കുന്നുണ്ട്. പുതിയ ഭേദഗതി പ്രകാരം 50% വരെ വേതനം കുറയ്ക്കാൻ കമ്പിനികള്‍ക്ക് സാധ്യമാകും. ഇത്തരം സാഹചര്യങ്ങള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് വിപരീത ഫലം ഉണ്ടാക്കുമെന്നും തൊഴിലില്ലായ്മ ഇരട്ടിയാക്കുമെന്നും എം.പിമാര്‍ അഭിപ്രായപ്പെട്ടു. നിലവില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികളിൽ 97 ശതമാനവും വിദേശികളാണ്.ഉഭയ സമ്മതപ്രകാരം ശമ്പളം വെട്ടിക്കുറക്കാമെന്നാണ്​ നിയമമെങ്കിലും തൊഴിലുടമകൾ നിർബന്ധിച്ചും സമ്മർദ്ദം​ ചെലുത്തിയും ശമ്പളം കുറക്കെമെന്ന ഭീതിയിലാണ് തൊഴിലാളികള്‍. പുതിയ തീരുമാനം സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Related News