പ്രിയങ്കയെ വിട്ടയച്ചു, രാഹുലും ലഖ്‌നൗവില്‍: നേതാക്കള്‍ ലഖിംപുരിലേക്ക്‌

  • 06/10/2021



ന്യൂഡല്‍ഹി: വാഹനം ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേരി സന്ദര്‍ശിക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും മറ്റു മൂന്ന് കോണ്‍ഗ്രസ് നേതാക്കളും ലഖിംപുരിലെത്തി കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ കാണും. കരുതല്‍ തടങ്കലില്‍ ഉണ്ടായിരുന്ന പ്രിയങ്കയെ വിട്ടയച്ചിട്ടുണ്ട്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പരമാവധി അഞ്ചു വീതം നേതാക്കള്‍ക്കാണ് ലഖിംപുര്‍ സന്ദര്‍ശിക്കുന്നതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. നേരത്തെ സന്ദര്‍ശനത്തിന് മുതിര്‍ന്ന നേതാക്കളെ തടയുന്ന സമീപനമായിരുന്നു യുപി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇതേ തുടര്‍ന്ന് പ്രിയങ്കാ ഗാന്ധിയെ അടക്കം തടങ്കലിലാക്കിയിരുന്നു.

നേരത്തെ, യുപി സന്ദര്‍ശനം നടത്താന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം അനുമതി തേടിയിരുന്നെങ്കിലും യുപി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ലഖ്‌നൗവില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ വെല്ലുവിളിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും ഉച്ചയോടെ ലഖ്‌നൗവിലെത്തുകയുണ്ടായി.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി, സച്ചിന്‍ പൈലറ്റ് എന്നിവരും കെസി വേണുഗോപാലും രാഹുലിനൊപ്പമുണ്ട്. ഭൂപേഷ് ബാഘേല്‍ കഴിഞ്ഞ ദിവസം ലഖ്‌നൗവിലെത്തിയിരുന്നെങ്കിലും അദ്ദേഹത്തെ വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു.

കര്‍ഷകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ ബിജെപിയേയും സര്‍ക്കാരുകളേയും രൂക്ഷമായി വിമര്‍ശിച്ച് പത്ര സമ്മേളനം നടത്തിയ ശേഷമാണ് രാഹുല്‍ ലഖിംപുര്‍ ഖേരിയിലേക്ക് തിരിച്ചത്.

ഇതിനിടെ കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചുകയറ്റിയെന്ന് ആരോപണത്തില്‍ ഉള്‍പ്പെട്ട കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ക്ക് നേരെ വാഹനം കയറ്റിയതെന്നാണ് ആരോപണം. തനിക്കും മകനുമെതിരെ ഉയര്‍ന്ന ആരോപണം അജയ് മിശ്ര നിഷേധിച്ചിട്ടുണ്ടെങ്കിലും സംഭവത്തില്‍ ബിജെപി ദേശീയ നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം.

Related News