ലഖിംപുര്‍ സംഭവം: കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണം; നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്ന് പ്രിയങ്ക

  • 07/10/2021


ലക്‌നൗ: ലഖിംപുര്‍ ഖേരി സംഭവത്തില്‍ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക റോബര്‍ട്ട് വദ്ര. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണം. കൊല്ലപ്പെട്ടവര്‍ക്ക് ഇതുവരെ നീതി കിട്ടിയിട്ടിയില്ല. തന്റെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.

ജനാധിപത്യത്തില്‍ നീതി അവകാശമാണ്. എന്നാല്‍ ഇതുവരെ നീതി നടപ്പായിട്ടില്ല. സംഭവത്തില്‍ അജയ് മിശ്രയുടെ മകനുണ്ടെന്ന് ദൃക്‌സാക്ഷികള്‍ എല്ലാവരും ഒരേപോലെ പറയുന്നു. നിഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കില്‍ മന്ത്രിയുടെ രാജി അനിവാര്യമാണ്. അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളെ എല്ലാം താന്‍ ഇന്നലെ സന്ദര്‍ശിച്ചു. നീതി മാത്രമാണ് അവരുടെ ആവശ്യം. പ്രതിപക്ഷത്തെ അറസ്റ്റു ചെയ്യാനാണ് പോലീസ് സേനയെ ഉപയോഗിക്കുന്നത്. എന്നാല്‍ പ്രതികളെ അറസ്റ്റു ചെയ്യുന്നുമില്ല. - പ്രിയങ്ക ആരോപിച്ചു.

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം ഇന്നലെ രാത്രി ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. ഈ മാസം മൂന്നിന് നടന്ന സംഭവത്തില്‍ നാല് കര്‍ഷകരും പ്രദേശിക മാധ്യമപ്രവര്‍ത്തകനുമടക്കം ഒമ്ബത് പേരാണ് കൊല്ലപ്പെട്ടത്.

Related News