ലഖിംപൂർ സംഘർഷത്തിൽ യുപി സർക്കാരിനോട് റിപ്പോർട്ട് തേടി സുപ്രീം കോടതി

  • 07/10/2021


ദില്ലി: ലഖിംപൂർ സംഘർഷത്തിൽ യുപി സർക്കാരിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടി. നിർഭാഗ്യകരമായ സംഭവമെന്ന് വിലയിരുത്തിയ സുപ്രീംകോടതി, കേസിന്റെ വിശദ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആർക്കൊക്കെ എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ആരാഞ്ഞ കോടതി, സംഭവവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്തോയെന്നും ചോദിച്ചു. കേസിൽ യുപി സർക്കാർ നാളെ വിശദാംശം നൽകണമെന്നാണ് കോടതി നിർദ്ദേശം. ആക്രമണത്തിൽ കൊല്ലപ്പെട്ട ലവ്പ്രീതിന്റെ അമ്മയ്ക്ക് അടിയന്തര ചികിത്സ നൽകാനും കോടതി നിർദ്ദേശം നൽകി. 

കേസ് സ്വമേധാ എടുത്തതല്ലെന്നും അഭിഭാഷകരുടെ പരാതിക്കത്ത്, പൊതുതാല്പര്യ ഹർജിയായി പരിഗണിക്കുകയായിരുന്നുവെന്നും കോടതി വിശദീകരിച്ചു. കത്തെഴുതിയ അഭിഭാഷകർക്ക് അറിയിപ്പ് നൽകണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. സ്വമേധയാ എടുത്ത കേസെന്ന് ആശയക്കുഴപ്പം കാരണം രേഖപ്പെടുത്തിയതാണെന്ന് സുപ്രീം കോടതി ഇന്ന് കേസ് പരിഗണിക്കവേ അറിയിച്ചത്. 

കർഷക സംഘർഷം ഹൈക്കോടതി മുൻ ജഡ്ജി പ്രദീപ് കുമാർ അന്വേഷിക്കും. രണ്ട്  മാസത്തെ സമയം കമ്മീഷന് നൽകിയിട്ടുണ്ട്.  നേരത്തെ കർഷകർ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ആരാകും അന്വേഷിക്കുകയെന്നതിൽ തീരുമാനമായിരുന്നില്ല. സുപ്രീംകോടതി  കേസ് പരിഗണിക്കാനിരിക്കെയാണ് ജുഡിഷ്യൽ കമ്മീഷനെ നിയമിച്ചത്.

Related News