ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനികര്‍ വീണ്ടും മുഖാമുഖം

  • 08/10/2021


ന്യുഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനികര്‍ വീണ്ടും മുഖാമുഖമെത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ സംഭവം ഒരു ഏറ്റുമുട്ടലിലേക്ക് പോയിട്ടില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കഴിഞ്ഞയാഴ്ച അരുണാചലിലെ തവാങ് മേഖലയിലാണ് ഇത്തരത്തില്‍ സൈനികര്‍ മുഖാമുഖം എത്തിയ സംഭവമുണ്ടായത്. 

നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട് ഇപ്പോഴും നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് ഇതിന് കാരണമെന്നാണ് സൈനിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. മണിക്കൂറുകളോളം സൈനികര്‍ മുഖാമുഖം നിലയുറപ്പിച്ചിരുന്നു എന്നാണ് സേനാവൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഒരു ഏറ്റുമുട്ടലിലേക്ക് പോകാതെ കമാന്‍ഡോമാര്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് വിഷയം പരിഹരിച്ചതായാണ് വിവരം. 

കഴിഞ്ഞ വര്‍ഷം ജൂണ്‍ 15ന് നടന്ന ഗാല്‍വന്‍ താഴ്വരയിലെ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിയിലെ അസ്വാരസ്യങ്ങള്‍ രൂക്ഷമായിരുന്നു. പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇരുപക്ഷവും തമ്മിലുള്ള ഏറ്റവും വലിയ സൈനിക സംഘര്‍ഷമായിരുന്നു ഗാല്‍വനിലേത്. ഏറ്റുമുട്ടലില്‍ ചൈനയുടെ നാല്‍പതിലധികം സൈനികര്‍ക്കും ഇരുപത് ഇന്ത്യന്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.

Related News