പതിനെട്ട് വയസ്സിനു മുകളിലുള്ളവർക്ക് ഈ വർഷം വാക്സീൻ നൽകണകുമോ എന്ന ആശങ്കയിൽ കേന്ദ്രം

  • 09/10/2021


ദില്ലി: പതിനെട്ട് വയസ്സിനു മുകളിലുള്ള മുഴുവൻ പേർക്കും ഈ വർഷം വാക്സീൻ (Vaccine) നൽകുമെന്ന കേന്ദ്രത്തിന്റെ ലക്ഷ്യം സാധ്യമാകില്ലെന്ന് ആശങ്ക. കൊവിഷീൽഡിൻറെ (Covishield) ഡോസുകൾക്കിടയിലെ ഇടവേള കുറച്ചില്ലെങ്കിൽ പതിനെട്ട് വയസ്സിനു മുകളിലുള്ള മുഴുവൻ പേർക്കും ഡിസംബറിനുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിയില്ല. അതേസമയം യുകെയ്ക്ക് പുറമെ കൂടുതൽ രാജ്യങ്ങൾ ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കറ്റ് (Vccine Certificate) അംഗീകരിച്ചു.

പതിനെട്ട് വയസ്സിനു മുകളിലുള്ള മുഴുവൻ പേർക്കും ഈ വർഷം തന്നെ വാക്സീൻറെ രണ്ട് ഡോസും നൽകുമെന്നായിരുന്നു കേന്ദ്രത്തിൻറെ ഇതുവരെയുള്ള അവകാശവാദം. എന്നാൽ പതിനെട്ട് വയസ്സിനു മുകളിലുള്ളവരിൽ 26 കോടി പേർ ആദ്യ ഡോസ് പോലും സ്വീകരിച്ചിട്ടില്ല. രാജ്യത്ത് വിതരണം ചെയ്യുന്നതിൽ 11 ശതമാനം മാത്രമാണ് കൊവാക്സീനുള്ളത്.  ഭൂരിഭാഗം പേരും സ്വീകരിക്കുന്നത് കൊവിഷീൽഡ് വാക്സീനാണ്. കൊവിഷീൽഡിൻറെ ഇരു ഡോസുകൾക്കിടയിലെ ഇടവേള പന്ത്രണ്ട് ആഴ്ച്ചയും. വർഷം തീരാൻ ഇനി പന്ത്രണ്ട് ആഴ്ച്ചകൾ മാത്രം ബാക്കിനിൽക്കെ കുറഞ്ഞത് 25 ശതമാനം പേർക്കെങ്കിലും ഈ വർഷം വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിയില്ല. 

നിലവിൽ വാക്സിൻ വിതരണം ചെയ്ത കണക്ക് പ്രകാരം ഉത്തർപ്രദേശ്, ബംഗാൾ, ബിഹാർ, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവടങ്ങളിൽ ജനസംഖ്യയുടെ മൂന്നിൽ ഒരു ഭാഗത്തിന് ഈ വർഷം വാക്സീനേഷൻ പൂർത്തിയാക്കാൻ ആയേക്കില്ല. കേരളത്തിൽ ഏഴു ശതമാനത്തോളം പേർക്ക് ഈ വർഷം രണ്ട് ഡോസ് വാക്സീൻ സ്വീകരിക്കാൻ കഴിയില്ല. അതേ സമയം യുകെ ഇന്ത്യയിൽ നിന്നുള്ള യാത്രകാർക്ക് ഇളവ് അനുവദിച്ചതിന് പിന്നാലെ ഹംഗറി സർബിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ വാക്സീൻ സർട്ടിഫിക്കറ്റ് അംഗീകരിച്ചു. വാക്സീൻ സർട്ടിഫിക്കറ്റ് അംഗീകാരത്തിനായി ഇന്ത്യ പല രാജ്യങ്ങളുമായും ചർച്ച തുടങ്ങി. ബ്രിട്ടീഷ് യാത്രക്കാർക്ക് ഇന്ത്യ ഏർപ്പെടുത്തിയ ക്വാറൻറീൻ നിബന്ധന ഇന്ന് പിൻവലിച്ചേക്കും.

Related News